ഭോപ്പാൽ: മോഡലും നടിയുമായ ത്വീഷ ശർമ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ശിപാർശ ചെയ്ത് മധ്യപ്രദേശ് സർക്കാർ. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ത്വീഷ ശർമയുടെ കുടുംബം രംഗത്തെത്തിയതിനെ തുടർന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ ഈ അടിയന്തര നീക്കം. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
മേയ് 12-നാണ് ഭോപ്പാലിലെ കടാര ഹിൽസിലുള്ള ഭർതൃഗൃഹത്തിൽ ത്വീഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾ മാത്രം പിന്നിടുമ്പോഴായിരുന്നു ഈ മരണം.
സ്ത്രീധന പീഡനത്തെത്തുടർന്ന് ത്വീഷയെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുമ്പോൾ, ഇത് ആത്മഹത്യയാണെന്നാണ് ഭർതൃവീട്ടുകാരുടെ വാദം. ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് മൃതദേഹം രണ്ടാമത് പോസ്റ്റ്മോർട്ടം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
Tags : Madhya Pradesh CBI Probe Twisha Sharma Death Case