National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: ക്രിയാത്മക പ്രതിപക്ഷമാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എല്‍ഡിഎഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ നയിച്ച് കല്‍പ്പറ്റയില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തിലാണു വിമർശനമുന്നയിച്ചത്.
ഒരു വികസനത്തെയും പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്ന് ഗോവിന്ദന് കുറ്റപ്പെടുത്തി. പുഞ്ചിരിമട്ടം ഉരുള്‍ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും പണം നല്കിയപ്പോള് കോണ്‍ഗ്രസ് അനുകൂല സംഘടന സര്‍ക്കാര്‍ ഉത്തരവുതന്നെ കത്തിച്ചു. സ്വന്തം നിലയില്‍ പണം പിരിച്ച് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് മൗനം പാലിക്കുന്നത് ക്രൂരതയാണ്.
ഇപ്പോള്‍ പിരിച്ച പണവുമില്ല, പിരിക്കാന്‍ ഉപയോഗിച്ച ആപ്പുമില്ല. എവിടെയാണ് ഈ പണം പോയതെന്നു വ്യക്തമാക്കണം. ഭവനനിര്മാണത്തിനെന്നു പറഞ്ഞ് കോണ്‍ഗ്രസ് മൂന്നേക്കര്‍ സ്ഥലം വാങ്ങിയത് പാവങ്ങളെ പറ്റിക്കാനാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേതു കാട്ടിക്കൂട്ടലാണ്. നിയമസഭയില്‍ പ്രതിഷേധിക്കാനും പ്രമേയം പാസാക്കാനുമുള്ള എല്ലാ അധികാരവും ഭരണഘടനാപരമായുണ്ട്. അതൊന്നും ഉപയോഗിക്കാതെ കോപ്രായം കാണിക്കുകയായിരുന്നു. ശബരിമലയില്‍ പോറ്റിയെ കേറ്റിയത് ആരാണെന്നു കൃത്യമായി ജനങ്ങള്‍ക്ക് മനസിലായി. എല്ലാം എതിരായെന്ന് കണ്ടപ്പോള്‍ ഒളിച്ചോടുകയാണു പ്രതിപക്ഷം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളിയായ ഒരാളും നിയമത്തിന്റെ മുമ്പില്‍ വരാതെ രക്ഷപ്പെടരുതെന്നാണ് പാര്‍ട്ടി നിലപാട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഒരാളെയും സംരക്ഷിക്കില്ല. ഇതാണ് അന്നും ഇന്നും പറയുന്നത്. യുഡിഎഫും ബിജെപിയും ഇത് മാറ്റിപ്പറയുകയാണ്.
വി.എസ്. അച്യുതാനന്ദന് മരണാനന്തരം ലഭിച്ച പദ്മവിഭൂഷൺ സ്വീകരിക്കണമോയെന്ന തീരുമാനം കുടുംബത്തിനു വിടാം എന്ന നിലപാടാണു പാര്‍ട്ടി സ്വീകരിച്ചത്. ബഹുമതി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. ആ സന്തോഷത്തില്‍ പങ്കുചേരുകയാണ് പാര്‍ട്ടി ചെയ്തത്. വിഷയത്തില്‍ വിഎസിന്റെ കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദന് പറഞ്ഞു.
Kerala
കൂത്തുപറമ്പ്: പാർട്ടിയിൽനിന്നു പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ഓരോ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പിണറായി കൺവൻഷൻ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ടാൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനം അംഗീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിവേഗ റെയിൽ ഏതായാലും മതി.
കെ റെയിൽ ആയാലും ആർആർടിഎസ് ആയാലും ശ്രീധരന്റേതായാലും അതിവേഗ റെയിൽപാത വന്നാൽ മതി. കെ റെയിൽ വേണ്ടെന്നു വച്ചതു കേന്ദ്രം സമ്മതിക്കാത്തതുകൊണ്ടാണ്. അതിൽ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
കെ റെയിൽ വേണ്ട ശ്രീധരന്റെ അതിവേഗ പാത മതിയെന്നാണു സതീശൻ പറയുന്നത്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്നു കോടതി ചോദിക്കും. തനിക്ക് അച്ഛനും അമ്മയുമില്ല, തന്നെ വെറുതെ വിടണമെന്ന് പ്രതി പറയും.
അതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ സതീശന്റേതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പ്രിംകഗ്ല്ലർ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം : പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതെന്താണോ അതാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. ഇതു വ്യക്തമാക്കുന്നതും സംസ്ഥാന സെക്രട്ടറി തന്നെയാണ്. അതാണ് ഇന്നലെവരെ കണ്ട രീതിയും. സിപിഎമ്മിനു പാർട്ടി സെക്രട്ടറിയല്ലാതെ മറ്റു വക്താക്കളൊന്നുമില്ല.
എന്നാൽ, ഇപ്പോൾ സംഘടനാരീതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പു ഭരിക്കുന്നതു ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിനു കാരണമായിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ടി.പി.രാമകൃഷ്ണനും ബാലന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ബാലനെ അനുകൂലിച്ചു നിലപാടെടുത്തതോടെ വെട്ടിലായതു സിപിഎം സംസ്ഥാന നേതൃത്വമാണ്.
മാറാട് കലാപവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ അധ്യായമാണെന്നും ഇപ്പോൾ അങ്ങനെയൊരു ചർച്ചയ്ക്കു പ്രസക്തിയില്ലെന്നും കഴിഞ്ഞ ദിവസം ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത്, മാറാട് എങ്ങനെ മറക്കാൻ കഴിയുമെന്നാണ്.
മാറാട് കഴിഞ്ഞ കാര്യമാണെങ്കിലും അതു പറയാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നാണ് ഗോവിന്ദന്റെ വാദം. എ.കെ. ബാലന്റെയും ടി.പി.രാമകൃഷ്ണന്റെയും നിലപാടു ഗോവിന്ദൻ ഇതുവഴി നിരാകരിക്കുകയാണു ചെയ്തത്. അതായത്, മുഖ്യമന്ത്രി ബാലനെ അനുകൂലിച്ചു സംസാരിച്ചതിനു ശേഷം ബാലനെതിരേയുള്ള ആദ്യത്തെ നിലപാടിൽ നിന്നും ഗോവിന്ദൻ പതിവുപോലെ തടിതപ്പി. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന സൂചനയാണ് ഇതുവഴി അദ്ദേഹം പാർട്ടിക്കു നൽകിയത്.
ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജമാ അത്തെ ഇസ്ലാമിക്കെതിരെ എ.കെ.ബാലൻ നടത്തിയ പരാമർശം ചർച്ച ചെയ്യാൻ പോലും പാർട്ടി സെക്രട്ടറി അനുവദിച്ചില്ല. പകരം വിവാദങ്ങൾ കൂടുതൽ സൃഷ്ടിക്കേണ്ടതില്ലെന്ന നിർദേശമാണ് അദ്ദേഹം നേതാക്കൾക്കു നൽകിയത്.
പാർട്ടി സെക്രട്ടറിയുടെ ഈ നിലപാടിൽ ഭൂരിപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും കടുത്ത വിയോജിപ്പാണുള്ളത്. ഏതു വിഷയമായാലും പാർട്ടി നിലപാടു വ്യക്തമാക്കുന്നതു സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ എ.കെ.ബാലൻ സ്ഥിരമായി മാധ്യമങ്ങളോടു സംസാരിക്കുന്നതു വിലക്കാൻ എം.വി.ഗോവിന്ദനു കഴിയുന്നില്ലെന്ന വിമർശനം നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ ഉണ്ട്.
ഇന്നലെ പാർട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിലും എ.കെ.ബാലന്റെ പരാമർശത്തെ തള്ളിപ്പറയാൻ തയാറായില്ല. പകരം താൻ പറയുന്നതാണ് ഇപ്പോൾ പാർട്ടിയുടെ അഭിപ്രായമാണെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നും വഴുതി പോകുകയായിരുന്നു ഗോവിന്ദൻ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന കമ്മിറ്റി നടത്തിയ പരിശോധനയുടെ വസ്തുതയല്ല പിന്നീടു ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്തതെന്ന വിമർശനം സിപിഎമ്മിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാമെന്ന തീരുമാനമാണു സിപിഎ മ്മിലുള്ളത്.
പാർട്ടിയുടെ ഇതുവരെയുള്ള സംഘടനാരീതി അട്ടിമറിക്കപ്പെടുന്നുവെന്ന വിമർശനവും സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ട്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തത്കാലം കൂടുതൽ ചർച്ചകൾക്കുപോയി വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്ന തീരുമാനത്തിലാണു നേതാക്കൾ.
Kerala
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞത് താത്കാലികം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗുരുതരമായ പരാതിയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലപ്രദമായി കേസ് കൈകാര്യം ചെയ്യും.
നിയമപരമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കേസുകൾ വന്നുകൊണ്ടേയിരിക്കുമ്പോൾ ഒളിവിൽ കഴിയേണ്ടി വരുന്ന ഒരാളായി മാറും രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ വിഷയം ഇല്ലെങ്കിലും യുഡിഎഫിന് തിരിച്ചടി ഉണ്ടാകും. രാഹുലിനെ ഒളിപ്പിച്ചത് കോൺഗ്രസാണെന്നും ഇപ്പോഴും കേസുകൾ വന്നുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തു കൊടുത്തതല്ലാതെ സർക്കാരിന് ഒരു പങ്കുമില്ലെന്നും ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും തരത്തിൽ തകർച്ചയുണ്ടായാൽ ദേശീയ പാതയാകെ തകർന്നുവെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.