ആലപ്പുഴ: കലാപാഹ്വാനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പച്ചകള്ളം പറഞ്ഞ് ആക്രമണത്തിനും കലാപത്തിനും ആഹ്വാനം നൽകുകയാണ് എം.വി. ഗോവിന്ദനെന്നും പുതുയുഗയാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു. മന്ത്രി വീണാ ജോർജിന്റേത് അഭിനയം മാത്രമാണ്.
മന്ത്രി പരിഹാസപാത്രമായി മാറി. ആരോഗ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഇല്ലാത്ത വിഷയമുണ്ടാക്കി പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നുണ പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. മന്ത്രിയുടെ കൈയും പിടലിയും തിരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പച്ചകള്ളം പറയുകയാണ്. സ്പീക്കർ എ.എൻ. ഷംസീറിന് ഗൂഢാലോചനയിൽ പങ്കുണ്ട്.
സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കെഎസ്യു പ്രവർത്തകർ കത്തിവച്ച് കുത്തിയെന്ന് പറയുമായിരുന്നു. കരിങ്കൊടി കാണിച്ചതിനാണ് കെഎസ് യു പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും പോലീസിനും റെയിൽവേ പോലീസിനും കാര്യങ്ങളറിയാം.
ആരോഗ്യമന്ത്രിയുടെ അടുത്തേക്കുപോലും പ്രതിഷേധക്കാർ എ ത്തിയിട്ടില്ല. പോലീസും മന്ത്രിയും തമ്മിലാണ് പിടിവലിയുണ്ടായത്. അതിന്റെ ദൃശ്യത്തെളിവുകൾ എല്ലാവരുടെയും കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഇനി സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ട്ഘട്ടങ്ങളിലായി യുഡിഎഫും ഘടക കക്ഷികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : V.D. Satheesan M.V. Govindan CPM Secretary riots Minister Veena George