വടക്കാഞ്ചേരി: സംസ്ഥാനത്തു ബിജെപിയും കോൺഗ്രസും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്നു സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ.
വർഗീയതയ്ക്കെതിരേ ശരിയായ നടപടികൾ സ്വീകരിച്ച് ഇടതുപക്ഷം മുന്നോട്ടുപോകുമ്പോൾ, വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ യുഡിഎഫും ബിജെപിയും തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യക്തമായ ഡീൽ നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരിടത്തും വിജയിക്കാൻ സാധിക്കില്ല.
വർഗീയതയ്ക്കെതിരേ സംസാരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയെ ചേർത്തുപിടിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്നുപറയാൻ കോൺഗ്രസ് തയാറാണോ? സ്വന്തം വർഗീയകൂട്ടുകെട്ടുകൾ മറച്ചുവയ്ക്കാനാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ വികസനങ്ങളെ അപ്പാടെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ദേശീയപാത വികസനത്തിനുവേണ്ടി കിഫ്ബി വഴി 5,080 കോടി രൂപയാണ് സംസ്ഥാനസർക്കാർ നൽകിയത്. എന്നാൽ ഇത്തരം വികസനപ്രവർത്തനങ്ങളെപ്പോലും കോൺഗ്രസ് എതിർക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനംപോലും തകർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.