തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം തുടങ്ങിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ.യു.കേൽക്കർ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടികൾ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തൽ, പെയ്ഡ് വാർത്തകളുടെ നിരീക്ഷണം എന്നിവ സംസ്ഥാന തലത്തിൽ അഡീഷണൽ സിഇഒ പി.ബി.നൂഹ് അധ്യക്ഷനായ നാലംഗ കമ്മിറ്റി നിർവഹിക്കും. കമ്മിറ്റിയുടെ തീരുമാനത്തിൽ പുനഃപരിശോധന ആവശ്യമെങ്കിൽ സിഇഒ ചെയർമാനായ അപ്പലേറ്റ് കമ്മിറ്റിക്ക് അപ്പീൽ നൽകാം.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മൂന്നുദിവസം മുന്പും രജിസ്റ്റർ ചെയ്യാത്ത പാർട്ടികളും വ്യക്തികളും പരസ്യം പ്രസിദ്ധീകരിക്കുന്നതിന് ഏഴു ദിവസം മുന്പും അപേക്ഷ സമർപ്പിക്കണം. കമ്മിറ്റി അംഗീകാരം ലഭിക്കാത്ത പരസ്യം നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനം ആയി കണക്കാക്കും.