ന്യൂഡൽഹി: ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ). 2020ലെ ടോയ്സ് ക്വാളിറ്റി കൺട്രോൾ ഓർഡർ ലംഘിച്ചതിനാണ് അഥോറിറ്റി നടപടിയെടുത്തത്. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ ‘ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ' സ്വമേധയാ എടുത്ത കേസിനെതുടർന്നാണ് ചീഫ് കമ്മീഷണർ നിധി ഖാരെ വിധി പ്രഖ്യാപിച്ചത്.
നിരോധിച്ച കളിപ്പാട്ടങ്ങൾ നീക്കം ചെയ്തെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും 2025 ഡിസംബർ വരെ പ്ലാറ്റ്ഫോമിൽ ഇവ ലഭ്യമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പല കളിപ്പാട്ടങ്ങളിലും നിർമാതാവിന്റെ പേര്, വിലാസം, ബിഐഎസ് സർട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. സെല്ലർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം വിശ്വസിച്ച് കളിപ്പാട്ടങ്ങൾ വിൽക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അഥോറിറ്റി നിരീക്ഷിച്ചു.
ഓഫറുകൾ വഴി വിൽപ്പന നിയന്ത്രിക്കുന്നതിനാലും ഉത്പന്നങ്ങൾക്ക് ഗുണനിലവാര ഉറപ്പ് നൽകുന്നതിനാലും പ്ലാറ്റ്ഫോമിന് ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അഥോറിറ്റി വ്യക്തമാക്കി. സ്നാപ്ഡീലിന് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികൾക്കും കളിപ്പാട്ടങ്ങളിലെ ബിഐഎസ് നിയമലംഘനത്തിന് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്.
Tags : Snapdeal fined Rs 5 lakh sale fake products BIS certification