ദേശീയ ഗുണനിലവാര അംഗീകാരം നേടിയ എടൂർ ജനകീയ ആരോഗ്യ കേന്ദ്രം.
എൻക്യുഎഎസ് സർട്ടിഫിക്കേഷൻ 96.59 ശതമാനം മാർക്കോടെ
എടൂർ: രോഗികൾക്ക് മികച്ച ആരോഗ്യസേവനം ഉറപ്പാക്കുന്നതിലെ മികവിന് എടൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) സർട്ടിഫിക്കേഷൻ ലഭിച്ചു. കീഴ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം 96.59 ശതമാനം മാർക്ക് നേടിയാണ് ദേശീയ അംഗീകാരത്തിന് അർഹമായത്.
ദേശീയതല പരിശോധനാസംഘം നേരിട്ടെത്തി നടത്തിയ വിശദമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. വിവിധ രജിസ്റ്ററുകൾ, രോഗികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ, ചികിത്സാ സംവിധാനങ്ങൾ, ഉപകരണങ്ങളുടെ നിലവാരം, രോഗികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തുടങ്ങിയവ സംഘം വിശദമായി വിലയിരുത്തി.
മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രജിത മാവില എന്നിവരുമായും സംഘം ചർച്ച നടത്തി. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെയും സമർപ്പണത്തിന്റെയും അംഗീകാരമാണ് ഈ നേട്ടമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
മൂന്ന് വർഷമാണ് അംഗീകാരത്തിന്റെ കാലാവധി. തുടർന്ന് ദേശീയതല പുനഃപരിശോധനയും എല്ലാ വർഷവും സംസ്ഥാനതല വിലയിരുത്തലും നടത്തും.
ജില്ലാ, സംസ്ഥാനതല പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് എടൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയതല അംഗീകാരം നേടിക്കൊടുത്തത്. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, ജെഎച്ച്ഐ ഒ. ഗിന, ജെപിഎച്ച് എൻ.ദീപ അജി, പി. സൗമ്യ, അനില ജയൻ, ആശാ പ്രവർത്തകരായ ഷൈജ കാരായി, ഉഷ, ചന്ദ്രിക, സി. ജോൺ എന്നിവരടക്കം മുഴുവൻ ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ ഓഫീസർ ഡോ. ജയ്മി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ് എന്നിവരെയും പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ അഭിനന്ദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Certification