മാക്കൂട്ടം ചുരം റോഡ് തകർന്ന നിലയിൽ.
ഇരിട്ടി: കേരള–കർണാടക അതിർത്തിയിലെ മാക്കൂട്ടം–പെരുമ്പാടി ചുരം പാതയിൽ റോഡ് തകർച്ച രൂക്ഷമായതോടെ യാത്രാദുരിതം വർധിച്ചു. റോഡിലെ വൻകുഴികളിൽപ്പെട്ട് വാഹനങ്ങൾ തകരാറിലാകുന്നതും ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതും പതിവാണ്. ഞായറാഴ്ച രാത്രി 11ന് ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നലെ പുലർച്ചെ നാലോടെയാണ് ഒഴിവായത്. ചരക്കുവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. മഴ ശക്തമായതോടെ റോഡിലെ കുഴികൾ വലുതായതും രാത്രിയിൽ കുഴികൾ തിരിച്ചറിയാൻ കഴിയാത്തതും അപകടഭീഷണി വർധിപ്പിക്കുന്നു. കുഴികളിൽപ്പെട്ട് വാഹനങ്ങൾ തകരാറിലാകുന്നതോടെ പിന്നാലെയെത്തുന്ന വാഹനങ്ങൾക്കും കടന്നുപോകാനാകാത്ത സ്ഥിതിയാണ്. കേരളത്തെയും കുടകിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയിലെ ദുരിതം യാത്രക്കാരെയും ചരക്കുനീക്കത്തെയും ബാധിക്കുന്നു.
പെരുമ്പാടിയിൽനിന്ന് കേരള അതിർത്തിവരെയുള്ള 5.9 കിലോമീറ്റർ റോഡ് 11.75 കോടി രൂപ ചെലവിൽ മൂന്ന് റീച്ചുകളായി അടുത്തിടെയാണ് നവീകരിച്ചത്. എന്നാൽ മഴ ശക്തമായതോടെ ഇതിൽ ഏകദേശം 1.1 കിലോമീറ്റർ ഭാഗത്തെ ടാറിംഗ് പൂർണമായും തകർന്നു. മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിനു സമീപമാണ് റോഡ് ഏറ്റവും അപകടാവസ്ഥയിലുള്ളത്. നവീകരണം കഴിഞ്ഞ് മാസങ്ങൾക്കകം റോഡ് തകർന്നത് നിർമാണത്തിന്റെ ഗുണനിലവാരത്തെയും മേൽനോട്ടത്തെയും കുറിച്ചുള്ള പരാതികൾക്കിടയാക്കിയിട്ടുണ്ട്. റോഡരികുകൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ ടാറിംഗിൽ നിന്ന് പുറത്തേക്കു മാറുന്ന വാഹനങ്ങളുടെ ചക്രങ്ങൾ താഴുന്നതും അപകടഭീഷണി ഉയർത്തുന്നു. നവീകരിക്കാത്ത 5.8 കിലോമീറ്റർ ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. നവീകരണം നടത്താത്ത ഭാഗങ്ങൾ ഉൾപ്പെടെ പെരുമ്പാടി–ബിട്ടംകാല റോഡിലെ 14 കിലോമീറ്റർ പാത 40 കോടി രൂപ ചെലവിൽ നവീകരിക്കാനുള്ള ശിപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലാണ്. തകർന്ന ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുകയും ശേഷിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വാഹനങ്ങൾ തകരാറിലാകുന്നതും ഗതാഗതക്കുരുക്ക് ആവർത്തിക്കുന്നതും ഒഴിവാക്കാൻ പാതയുടെ സമഗ്ര പുനർനിർമാണം അനിവാര്യമാണെന്നും പറയുന്നു.
Tags :