ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിലേക്കുള്ള ഇന്റർലോക്ക് പാകിയ വഴി തകർന്ന നിലയിൽ.
ഇരിട്ടി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലും ഓപ്പൺ ഓഡിറ്റോറിയത്തിലേക്കുള്ള വഴിയിലും പാകിയ ഇന്റർ ലോക്ക് കട്ടകൾ ഇളകിയത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാൽനടയാത്രക്കാർ വീണ് പരിക്കേൽക്കുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടും അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയാറാകുന്നില്ല. നഗരസഭയുടെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലെ ഇന്റർലോക്ക് കട്ടകൾ പലയിടത്തും ഇളകിയ നിലയിലാണ്. ഓപ്പൺ ഓഡിറ്റോറിയത്തിലേക്കുള്ള വഴിയിലും സമാനമായ സ്ഥിതിയാണ്. ഇവിടെ തന്നെയാണ് നഗരസഭയുടെ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരനടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
പഴയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലെ ടൈലുകളും ഇളകിയ നിലയിലാണ്. പകലും രാത്രിയും യാത്രക്കാരുടെ തിരക്കുള്ള സ്ഥലമാണിത്. വെളിച്ചക്കുറവുള്ള സമയങ്ങളിൽ ഇളകിയ കട്ടകളും ടൈലുകളും തിരിച്ചറിയാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
Tags :