കുപ്പം മുക്കുന്ന് റോഡിൽ ദേശീയ പാതയുടെ കോൺക്രീറ്റ് ഭാഗം അടർന്ന നിലയിൽ
തളിപ്പറമ്പ്: നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ കോൺക്രീറ്റ് ഭാഗം റോഡിലേക്ക് തകർന്നു വീണു. കുപ്പം മുക്കുന്ന് റോഡ് ജംഗ്ഷനിൽ അടിപ്പാതയ്ക്കു സമീപത്തെ കോൺക്രീറ്റ് ഭാഗമാണ് അടർന്നു വീണത്. മദ്രസയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ റോഡിന്റെ ഒരു വശത്തു കൂടെ നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം.
റോഡിൽ ചെളിവെള്ളം നിറഞ്ഞതിനാൽ കുട്ടികൾ മറുഭാഗത്തു കൂടി സഞ്ചരിച്ചതിനാലാണ് ദുരന്തം ഒഴിവായത്. കോൺക്രീറ്റ് തകർന്ന് ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. സംഭവം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിർമാണപ്രവൃത്തി പൂർത്തിയായിട്ടില്ലെന്നും അതിനാൽ കോൺക്രീറ്റ് അടർന്നുവീണതിൽ പ്രശ്നമില്ലെന്നുമാണ് പ്രദേശത്തുള്ളവരോട് പറഞ്ഞത്. അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ശക്തമാണ്.
Tags :