കസ്റ്റഡിയിലെടുത്ത ലോറിയും പിടിയിലായ പ്രതികളും (ഇൻസെറ്റിൽ)
കൂത്തുപറമ്പ്: വൈദ്യുതി വകുപ്പിന്റെ ലക്ഷങ്ങൾ വിലവരുന്ന ലൈൻ കന്പികളും കേബിളുകളും കവർച്ച നടത്തി ലോറിയിൽ കടത്തിക്കൊണ്ടുപോയ രണ്ടു പേരെ ലോറി സഹിതം പൊലിസ് പിടികൂടി. കോളയാട് കെഎസ്ഇബി ഓഫീസിന് മുന്നിൽ സൂക്ഷിച്ചിരുന്ന എട്ടു ലക്ഷത്തോളം രൂപ വില വരുന്ന കമ്പികളും കേബിളുകളും മോഷ്ടിച്ചു കടത്താനായിരുന്നു ശ്രമം.
സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ രവി, അമൻ കുമാർ എന്നിവരെയാണ് ഹരിയാന രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറി സഹിതം കണ്ണവം പൊലിസ് കസ്റ്റഡിയിൽ എടുത്തത്. വയറുകളും കേബിളുകളും കാണാതായതിനെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ ഉടൻ തന്നെ പരാതി നൽകിയരുന്നു.
ഇതേത്തുടർന്ന് എസ്ഐ അനൂപ് കെ. ഗോവിന്ദും സംഘവും നടത്തിയ പരിശോധനയിൽ തൊടീക്കളത്തേക്കുള്ള വഴിയിൽ നിർത്തിയിട്ട ലോറി കണ്ടെത്തുകയായിരുന്നു. പൊലിസ് ലോറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ വസ്തുക്കൾ കണ്ടെത്തിയത്. കവർച്ചാ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇത്തരം വസ്തുക്കൾ ലോറിയിൽ കടത്തുന്നതിനായി ഉത്തരേന്ത്യയിൽ നിന്നുള്ള വലിയൊരു സംഘമുണ്ടെന്നാണ് പൊലിസ് നിഗമനം. ഏതാനും ദിവസങ്ങൾക്കു മുന്പ് മട്ടന്നൂർ മേഖലയിലും സമാന രീതിയിൽ കെഎസ്ഇബിയുടെ വസ്തുക്കൾ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു.
Tags :