National
മഥുര: യമുനാ നദിയിലെ വർധിച്ചുവരുന്ന മലിനീകരണത്തിനും നഗരത്തിലെ മാലിന്യപ്രശ്നത്തിലും പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ യുവാവിന്റെ വേറിട്ട പ്രതിഷേധം.
മഥുര സ്വദേശിയായ സാമൂഹികപ്രവർത്തകൻ ദീപക് ശർമയാണ് വെള്ളിയാഴ്ച പാറ്റയുടെ വേഷം ധരിച്ച് പാട്ടുപാടിയും നൃത്തംചെയ്തും മഥുര മുനിസിപ്പൽ കോർപറേഷൻ ഓഫീസിലെത്തിയത്. നഗരസഭജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ അമ്പരിപ്പിച്ചായിരുന്നു ദീപകിന്റെ പ്രതിഷേധം.
മാലിന്യക്കൂമ്പാരങ്ങളിൽ പാറ്റകൾ പെരുകുന്നതുപോലെ അധികൃതരുടെ അനാസ്ഥകാരണം മഥുര നഗരത്തിന്റെയും യമുനാ നദിയുടെയും അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ദീപക് ശർമ പറഞ്ഞു.
പ്രശ്നത്തിനു വേഗത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വരുംദിവസങ്ങളിൽ യമുനയുടെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യമുനാ മലിനീകരണത്തിനു നേരേ പൂർണമായി കണ്ണടച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കാനാണു താൻ ഇത്തരമൊരു വേഷംകെട്ടാൻ നിർബന്ധിതനായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാറ്റയുടെ വേഷമണിഞ്ഞ് കോർപ്പറേഷൻ ഓഫീസിലെത്തിയ ദീപക്കിനെ കാണാൻ വലിയ ജനക്കൂട്ടമാണു തടിച്ചുകൂടിയത്. മുനിസിപ്പൽ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു മുന്നിൽനിന്നു ദീപക് പ്രതിഷേധിച്ചു.
”യമുനയിലെ ജലത്തെ ആശ്രയിച്ചാണു ഞങ്ങൾ കഴിയുന്നത്. നദിയിലെ മാലിന്യം ഇല്ലാതാക്കുമെന്ന് വർഷങ്ങളായുള്ള പ്രഖ്യാപനം വെറും വാഗ്ദാനമായി മാത്രം അവശേഷിക്കുകയാണ്. അഴുക്കുചാലിൽനിന്നുള്ള മാലിന്യം നേരിട്ട് യമുനയിലേക്ക് ഒഴുക്കുകയാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ തികഞ്ഞ ഉദാസീനതയാണ് കാട്ടുന്നത്’- ദീപക് ശർമ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, സംഭവത്തോടു പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
സാമൂഹികമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന് ആക്ഷേപഹാസ്യ കൂട്ടായ്മയുടെ രൂപവത്കരണത്തിനു പിന്നാലെയാണ് മഥുരയിലെ ഈ വേറിട്ട പ്രതിഷേധം.
അടുത്തിടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ സിജെപി ട്രെൻഡ് തുടങ്ങിയത്. എന്നാൽ, വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെ ഉദ്ദേശിച്ചുള്ള തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് ചീഫ് ജസ്റ്റീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അസാധാരണ ഭാഗ്യചിഹ്നമായി പാറ്റ മാറി. ബിജെപിക്കെതിരേയെന്നു തെളിയിക്കുന്ന ആശയങ്ങളോടെ തുടങ്ങിയ രാഷ്ട്രീയ അക്ഷേപഹാസ്യമായ "കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) സമൂഹമാധ്യമങ്ങളിലെ വൻ കുതിപ്പിനു സമാനതകളില്ല.
അംഗീകൃത രാഷ്ട്രീയപാർട്ടിയല്ലെങ്കിലും ആക്ഷേപഹാസ്യം നിറഞ്ഞ ഓണ്ലൈൻ കൂട്ടായ്മയായി സിജെപി വളർന്നുകഴിഞ്ഞു. നരേന്ദ്ര മോദി ഭരണത്തിനെതിരായ പുതുതലമുറയായ ജെൻസിയുടെ പ്രതിഷേധവും രോഷവും സിജെപിയുടെ വെബ്സൈറ്റിലെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു,
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളുമാണ്. യുപിഎ സർക്കാരിനെ താഴെയിറക്കിയ 2013ലെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കൂടെയുണ്ടായിരുന്നു.
പിന്നീട് അമേരിക്കയിലേക്കു മാറിയെങ്കിലും അഭിജീത് ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം പിന്തുടരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.
National
മുംബൈ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. മുംബൈ സ്വദേശിയായ യാത്രക്കാരൻ ഭക്ഷണത്തിലെ പാറ്റയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അഹമ്മദാബാദ്-മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചതോടെ റെയിൽവെ കരാറുകാരനെതിരെ നടപടിയെടുത്തു.
ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. താൻ യാത്ര ചെയ്ത കോച്ചിൽ ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വ്യക്തമാക്കി.
കാരാറുകാരന് 10 ലക്ഷം രൂപ പിഴയും റെയിൽവെ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.