Kerala
പാണത്തൂർ: പനത്തടി പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഎം അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്കുള്ള വനിതാ സംവരണ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥിക്കു പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സിപിഎം അംഗങ്ങൾ വോട്ടുചെയ്തത്.
വനിതാ സംവരണ സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ റീന തോമസിനു കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുഴുവൻ വോട്ടുകൾ ലഭിച്ചു. സിപിഎമ്മിന്റെ എട്ടും കോൺഗ്രസിന്റെ ആറും ഉൾപ്പെടെ 14 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ പി.എസ്. ഭവ്യക്ക് മൂന്നു വോട്ടുകളാണ് ലഭിച്ചത്.
തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം അംഗമായ സി. ബാലകൃഷ്ണന് എട്ടു വോട്ടും കോൺഗ്രസ് അംഗമായ കെ.ജെ. ജയിംസിന് ആറു വോട്ടും ബിജെപി അംഗമായ കെ.കെ. വേണുഗോപാലിന് മൂന്നു വോട്ടും ലഭിച്ചു.
ഇതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ ഉണ്ടാക്കിയ ധാരണ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ആവർത്തിച്ചെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
Kerala
പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തത്.
50-ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
ബിജെപിയുടെ നിലവിലെ കൗണ്‍സിലര്‍ ജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം രമേശിന്റെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
രമേശ് വീട്ടിലില്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
രമേശിന്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പോലീസ് കേസെടുത്തത്. എന്നാല്‍ രമേശ് ആരോപണം ഉന്നയിച്ച 46-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി എം. സുനിലിന്റെ പേര് എഫ്ഐആറില്‍ ഇല്ല.
Movies
സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ യഥാർഥ നായകനായ സുഭാഷ് ചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. ഏലൂർ നഗരസഭയിലെ 27-ാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥിയായി സുഭാഷ് മത്സരിക്കുന്നത്. ഗുണാ കേവിലെ ആഗാധമായ ഗർത്തത്തിലേയ്ക്ക് വീണുപോയ സുഭാഷിന്റെ തിരിച്ചുവരവാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം പറയുന്നത്.
2006-ൽ സുഹൃത്തുക്കളുമൊന്നിച്ച് കൊടൈക്കനാലിലെ ഗുണ ഗുഹയിൽ വീഴുകയും സുഹൃത്തുക്കളുടെ ആത്മാർഥമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത സുഭാഷിന്റെ ജീവിതമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ ഇതിവൃത്തം.
കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് സുഭാഷിന്റെ രാഷ്ട്രീയ പ്രവേശനം. അച്ഛനും അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകരാണ്. നാട്ടിലെ ചില സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് എന്ന് സുഭാഷ് പറയുന്നു.