തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച വൈകുന്നേരമാണ് മിസ്ത്രി തിരുവനന്തപുരത്ത് എത്തിയത്.
ഇന്നലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്, രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഇവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയായിരുന്നു കൂടിക്കാഴ്ച യുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ നിലവിലെ സാഹചര്യം നേരിട്ട് മനസിലാക്കുന്നതിനു കൂടിയായിട്ടാണ് മിസ്ത്രിയുടെ സന്ദര്‍ശനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് വിജയസാധ്യത മാത്രമായിരിക്കണം പരിഗണനാ വിഷയമാക്കേണ്ടതെന്ന സൂചന മുതിര്‍ന്ന നേതാക്കളുമായി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് പങ്കുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ നാളെ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Tags : Congress candidate Madhusudhan Mistry senior leaders UDF Niyamasabha elections