Movies
സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവർക്കു നന്ദി പറഞ്ഞ് നടി രേഖ രതീഷ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയി നേരിട്ടു പരാതി നൽകിയെന്നും തന്റെ അവസാന പ്രതീക്ഷയാണ് അദ്ദേഹമെന്നും രേഖ പറയുന്നു.
ഇൻസ്റ്റയിലൂടെയല്ല ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്ന് അറിയാമെന്നും എന്നാൽ അപ്പോഴത്തെ തകർന്ന അവസ്ഥയിൽ അത്തരമൊരു വീഡിയോ ചെയ്തതാണെന്നും നടി പറഞ്ഞു. എല്ലാ യുട്യൂബേഴ്സിനെയും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു.
''എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മനുഷ്യർക്കും ഒരായിരം നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ഇത്രയും പേർ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാൻ സിഎം ഓഫിസിൽ ചെന്നു. എന്റെ പരാതികൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്. ഞാൻ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ ചിലപ്പോൾ എന്നെ അങ്ങനെയാകാം പറയിപ്പിക്കാൻ പ്രേരിപ്പിച്ചത്.
അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.മനഃപൂർവം ചെയ്തതല്ല ആ വിഡിയോ. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാൽ അമ്മയ്ക്ക് ആ പ്രഷർ മാറുമെന്ന് മകൻ പറഞ്ഞപ്പോൾ, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്റെ മുന്നിൽ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്.
ഇൻസ്റ്റ മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം, വർഷങ്ങളോളം കമ്മിഷണർ ഓഫിസും പോലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാൻ എന്റെ മകനുമായി ജീവിച്ച് പൊയ്ക്കോണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങൾ. എനിക്കെതിരെ വിത്തുകൾ പാകിയ ചില യൂട്യൂബ് ചാനലുകളുണ്ട്. 14 വർഷം മുൻപ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഒരു ചാനലിലെ രണ്ട് പെൺകുട്ടികൾ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള്‍ കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്.
അതുപോലെ കക്കിരി എന്ന ചാനൽ, ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? നിങ്ങൾ എന്തിനാണ് അങ്ങനെയൊരു വിഡിയോ ചെയ്തത്. എന്റെ മകൻ ഇൻസ്റ്റയിൽ കണ്ടിട്ട് എന്നോട് ചോദിക്കുകയാണ്, ‘അമ്മാ സാരി മാറ്റുന്നത് പോലെയെന്ന് പറഞ്ഞാൽ എന്താണെന്ന്’. ആ കുഞ്ഞിനോട് ഞാന്‍ എന്ത് പറഞ്ഞ് കൊടുക്കണം.
ബ്രദറേ നിങ്ങൾ പറ്റുമെങ്കിൽ, എന്റെ മകനോട് നിങ്ങളൊന്ന് പറഞ്ഞു കൊടുക്കൂ. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പക്ഷേ പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ. ഞാനും എന്റെ മകനും ഈ കൊച്ചു കേരളത്തില്‍ ജീവിച്ച് പൊയ്ക്കോട്ടേ. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കാന്‍ വരരുത്.
എന്നെ പിന്തുണച്ചവർക്ക് നന്ദി. അവരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നന്ദി. എന്റെ സഹപ്രവര്‍ത്തകരെയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകള്‍ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ തന്നെയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിച്ച് പോകുന്നവരാണ്. ഞങ്ങളെ തകര്‍ക്കാനോ മനസിക സമ്മര്‍ദ്ദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യർഥനയാണ്.’’രേഖ രതീഷിന്റെ വാക്കുകൾ.
National
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിന് അതീവ ജാഗ്രതാ നിർദേശം നൽകി സുരക്ഷാ ഏജൻസികൾ. സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ജി20 നിലവാരത്തിലുള്ള സുരക്ഷാ കവചം സജ്ജമാക്കിയതായി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശത്തു നിന്നുള്ള സൈബർ ആക്രമണകാരികളിൽനിന്ന് തുടർച്ചയായ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
സർക്കാർ വെബ്സൈറ്റുകളെ ലക്ഷ്യം വച്ച് മാൽവെയറുകൾ പടർത്താൻ ഹാക്കർമാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വെബ്സൈറ്റുകളിലെ പോരായ്മകൾ കണ്ടെത്തി വൈറസുകൾ കടത്തിവിടുന്ന രീതിയാണിത്.
പ്രതിനിധികളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെയും സെഷൻ ടോക്കണുകൾ തട്ടിയെടുക്കുക, വ്യാജ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി വിവരങ്ങൾ ചോർത്തുക എന്നിവയും ഭീഷണികളിലുണ്ട്. പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിഡോസ് ആക്രമണങ്ങളും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള റാൻസംവെയർ ആക്രമണങ്ങളും സൈബർ കുറ്റവാളികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത സമ്മേളനത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ തടയാൻ സൈബർ ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്റർനെറ്റ് സേവനദാതാക്കളുടെ കാലഹരണപ്പെട്ട റൂട്ടറുകൾ ഉപയോഗപ്പെടുത്തി ആക്രമണം നടത്താൻ വിദേശ ഹാക്കർമാർ ശ്രമിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Movies
സൈബർ അക്രമണത്തിനെതിരെ രംഗത്തെത്തിയ സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോയെന്ന് ചോദിച്ചാണ് സത്യഭാമ അധിക്ഷേപിച്ചത്.
സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ എന്നും അവർ ചോദിച്ചു.
‘‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽമീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കയറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ആയത് കൊണ്ടാണ് ഇത്രയ്ക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷമായി ഇരിക്കൂ.. എല്ലാം ശരിയാകും.’’സത്യഭാമ പറഞ്ഞു.
കഴിഞ്ഞ ദിവസം താൻ നേരിടുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ രേഖ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കുറച്ചുനാളുകളായി താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും യൂട്യൂബ് ചാനലുകള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രേഖ പറഞ്ഞത്.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യഭാമയുടെ പരാമർശം.
Movies
രൂക്ഷമായ സൈബർ ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് സീരിയൽ നടി രേഖ രതീഷ്. ഒരു കൂട്ടം യുട്യൂബേഴ്സ് കാരണം താൻ മാനസിക സമ്മർദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഇവർ ആയിരിക്കുമെന്നും രേഖ പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്.
മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്.
ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ.
എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വീഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം.
എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’. രേഖ വീഡിയോയില്‍ പറയുന്നു.
Movies
വണ്ണം വച്ചുവെന്നും വീർത്താണ് ഇരിക്കുന്നത് എന്നുമുള്ള ശാരീരിക അധിക്ഷേപങ്ങൾക്കെതിരെ മറുപടിയുമായി നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹൻ.
പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് താരം. ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം വർദ്ധിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കാണ് പ്രിയ മറുപടി നൽകിയിരിക്കുന്നത്.
"അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതുപോലെയാണ്. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം.
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിന് കാത്തിരിക്കാം,
പക്ഷേ രോഗശാന്തിക്ക് കഴിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക''. പ്രിയ മോഹൻ കുറിച്ചു.
2023 മുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രിയയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. രോഗാവസ്ഥയെ ധീരമായി നേരിടുന്ന പ്രിയയുടെ നിലപാട് മാതൃകാപരമാണെന്ന് ആരാധകർ കുറിച്ചു.
Kerala
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് താൽകാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ. സന്ദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.
പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
International
ന്യൂയോർക്ക്: ക്ലൗഡ്ഫ്ളെയറിലെ തകരാര്‍ കാരണം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ക്ലൗഡ്ഫ്ളെയര് പണിമുടക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, ചാറ്റിംഗ് പ്ലാറ്റ്ഫോമുകള്, സ്പേസ് എക്സ്, നോഷന്‍, കാന്‍വ, സൂം, ലിങ്ക്ഡ്ഇന്‍, എക്സ്, ചാറ്റ്ജിപിടി, പെര്‍പ്ലെക്സിറ്റി, സ്പോട്ടിഫൈ, ലെറ്റര്‍ബോക്സ്, ട്രേഡിംഗ് സൈറ്റുകളായ ഗ്രോ, സീറോദ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകള്‍ക്കാണ് തടസം നേരിട്ടത്. തകരാർ പരിഹരിച്ചെന്ന് സീറോദയും ഗ്രോയും പിന്നീട് അറിയിച്ചു.
സൈബര്‍ ആക്രമണമല്ല, ആന്തരിക സേവനത്തിലുണ്ടായ തകരാറാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ക്ലൗഡ്ഫ്ളെയര് സ്ഥിരീകരിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിലൊന്നാണ് ക്ലൗഡ്ഫ്ളെയര്.
സൈബര്‍ ആക്രമണങ്ങളില്‍നിന്ന് വെബ്സൈറ്റുകളെ സംരക്ഷിക്കുകയും ഉയര്‍ന്ന ഇന്റര്‍നെറ്റ് ട്രാഫിക് ഉള്ള സമയങ്ങളില്‍ വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന സേവനങ്ങള്‍ ക്ലൗഡ്ഫ്ളെയര് വാഗ്ദാനം ചെയ്യുന്നു.
Movies
അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിനു പിന്നാലെ ദീപിക പദുകോണിനെതിരേ സമൂഹ മാധ്യമങ്ങളിൽ സൈബർ അക്രമണം.
ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകൾ.
മസ്ജിദിൽ കയറിയതുകൊണ്ടാണ് അതിനോടു ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇത് അവരുടെ തൊഴിൽ മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ നോക്കിക്കാണണമെന്നും വിമർശനങ്ങൾക്കെതിരേആരാധകരുടെ കമന്റുകൾ.
അതേസമയം നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നു ദീപികയെ പുറത്താക്കിയ വാർത്ത വലിയ ചർച്ചകൾക്കു വഴിതുറന്നിരുന്നു. വൈജയന്തി മൂവീസാണ് ദീപികയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നു പുറത്താക്കിയെന്ന് ഔദ്യോഗികമായി അറിയിച്ചത്.
ഷാരുഖ് ഖാൻ നായകനായെത്തുന്ന കിംഗ് ആണ് താരത്തിന്റെ പുതിയ ചിത്രം. കിംഗിനു വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നു സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പഠാന് സംവിധായകന് സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്കുശേഷം ഷാരൂഖ് ഖാന് വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്.
പഠാന് പോലെതന്നെ ആക്ഷനു പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായും പ്രത്യേകതയുള്ളതാണ്. മകള്‍ സുഹാന ഖാന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
Kerala
ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി.സുധാകരൻ അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ ജി.സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ കവിത പ്രചരിപ്പിച്ചവരുടെ വിശദമായ മൊഴി എടുക്കും. അന്വേഷണം ആരംഭിച്ചെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.