പരവൂര്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് നേരേ വന്‍തോതില്‍ സൈബര്‍ ആക്രമണശ്രമങ്ങള്‍ നടക്കുന്നതായി വെളിപ്പെടുത്തല്‍.
2025 ഒക്ടോബർ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസത്തിനിടെ മാത്രം 6.1 കോടി തവണയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായത്. എന്നാല്‍, അതിനൂതനമായ ഫയര്‍വാളുകളും സുരക്ഷാ എന്‍ജിനുകളും ഉപയോഗിച്ച് ഈ ശ്രമങ്ങളെല്ലാം വിജയകരമായി പ്രതിരോധിച്ചുവെന്ന് ആര്‍ബിഐ അധികൃതര്‍ അറിയിച്ചു. സൈബര്‍ ഭീഷണി അതിവേഗം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1.9 കോടി ആക്രമണ ശ്രമങ്ങളാണ് നടന്നതെങ്കില്‍ അടുത്ത പാദത്തില്‍ ഇത് 3.1 കോടിയായി ഉയര്‍ന്നു.
ഒടുവിലത്തെ കണക്കനുസരിച്ച് ഇത് 6.1 കോടിയായി ഇരട്ടിച്ചിരിക്കുകയാണ്. ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ആര്‍ബിഐ വെബ്സൈറ്റ് മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ ഭേദിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
ആക്രമണങ്ങളുടെ ഉത്ഭവം കണ്ടെത്താനും പാറ്റേണുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തടയാനും ആര്‍ബിഐ ഇപ്പോള്‍ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags : Hacking attempt RBI website Cyber attack