Kerala
തിരുവനന്തപുരം: എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കും. പൊതുസംഭരണ മാനുവൽ പരിഷ്കരിക്കും. അതിനായി മാർഗനിർദ്ദേശങ്ങൾ തയാറാക്കുന്നതിനായി പൊതുമരാമത്ത്, ഐടി, ഉന്നതവിദ്യാഭ്യാസം, ടൂറിസം, ജലസേചനവകുപ്പ് എന്നീ വകുപ്പുകളിലെ മന്ത്രിമാരുൾപ്പെടുന്ന ഉപസമിതി രൂപീകരിച്ചു.
പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്.പിഎം ശ്രീ കരിക്കുലം, സ്കൂളുകൾ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
100 ദിവസ കർമ്മപരിപാടികൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. മലയിടംതുരുത്ത് പര്യാത്തുകാവ് പ്രശ്നം പരിഹരിച്ചു. തർക്കഭൂമിയിൽ അഞ്ച് സെന്റ് വീതം ഭൂമി അനുവദിച്ചു. ഏഴ് വീടുകൾ സർക്കാർ നിർമിച്ചു നൽകും.
ഹൈക്കോടതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി അഡ്വ. എം. മുഹമ്മദ് ഷാഫിയെ നിയമിച്ചു. കേരള ക്യാഷ്യൂ ബോർഡ് എംഡിയും ചെയർമാനുമായി ജി. ഉണ്ണികൃഷ്ണനെ നിയമിക്കാൻ തീരുമാനമായി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണവകുപ്പ്. മുന്നറിയിപ്പിലാതെയാണ് കട്ട് ചെയ്തത്.
മുഖ്യമന്ത്രി എന്ന നിലയിൽ അനുവദിച്ച നമ്പറാണ് റദ്ദാക്കിയത്. പത്ത് വർഷമായി പിണറായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറാണ് സർക്കാർ പിൻവലിച്ചത്.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയത്തിനുമായി ഇതേ നമ്പർ പിണറായി വിജയൻ ഉപയോഗിച്ചുവരികയായിരുന്നു. നമ്പർ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leader Page
ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ കഴിഞ്ഞ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിരിക്കേ, അവ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ആത്മാർഥമായ ആഗ്രഹവും ആർജവവും ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ, ന്യൂനപക്ഷ വകുപ്പുമന്ത്രിയായി ഒരു ക്രൈസ്തവനെ നിയോഗിക്കുമായിരുന്നല്ലോ.
പാലൊളി കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കുന്ന സമയത്തെ ലൈൻ അതായിരുന്നില്ലേ? 2013ൽ ആരംഭിച്ചതു മുതൽ ഇന്നുവരെ ഈ വകുപ്പ് എന്തുകൊണ്ടാണ് ഒരു കൂട്ടർ മാത്രം കൈകാര്യം ചെയ്യുന്നത്? എന്തുകൊണ്ടാണ് കേരളമെമ്പാടും ന്യൂനപക്ഷ കമ്മീഷനിലെ പ്രാതിനിധ്യത്തിൽ സാമുദായിക സന്തുലനം തീരെ ഇല്ലാത്തത്? എന്തുകൊണ്ടാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ 22 ജീവനക്കാരിൽ എല്ലാവരും മുസ്ലിംകൾ ആയിരിക്കുന്നത്? (വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ കണക്ക് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ കാണാം.) എന്തുകൊണ്ടാണ് അവിടെ സൂപ്പർവൈസറിൽ താഴെയുള്ള ജീവനക്കാരുടെ നിയമനത്തിനു കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തത്?
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പോലെയുള്ള കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പദ്ധതികൾ മുഖ്യമായും മുസ്ലിം കേന്ദ്രീകൃത ജില്ലകളിൽ നടപ്പാക്കുന്നത്? (ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടനുസരിച്ച്, മലപ്പുറം ജില്ലയിൽതന്നെ 25 സെന്ററുകളാണ് ഇതിനായിട്ടുള്ളത്! 43.48 ശതമാനം ക്രൈസ്തവരുള്ള കോട്ടയം ജില്ലയിൽ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത് മുസ്ലിംകൾ കൂടുതലുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മാത്രമാണ്! ന്യൂനപക്ഷങ്ങളിൽ ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലയിൽ മൂന്നു സെന്ററുകൾ മാത്രമേയുള്ളൂ! ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ മലയോര പ്രദേശങ്ങൾ പിന്നാക്കാവസ്ഥയിൽ ആണെങ്കിലും കാര്യമായ സെന്ററുകളില്ല!)
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സംസ്ഥാന സർക്കാർ വിവിധ ജില്ലകളിൽ രൂപംനൽകിയിട്ടുള്ള പ്രത്യേക സമിതികളിൽ സന്തുലിതാവസ്ഥ ഇല്ലാത്തത്? (മതന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികൾ കൂടുതൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിൽ ഈ സമിതി രൂപീകരിച്ചിട്ടില്ല! എറണാകുളം ജില്ലയിൽ മതന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികളാണ് കൂടുതലെങ്കിലും ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ആരുംതന്നെ ഈ ജില്ലാതല സമിതിയിൽ ഇല്ല; അതേസമയം, ക്രിസ്ത്യാനികളുടെ അംഗസംഖ്യയിൽ പകുതിയിൽ താഴെ മാത്രം അംഗസംഖ്യയുള്ള മുസ്ലിം സമുദായത്തിൽനിന്ന് രണ്ട് അംഗങ്ങൾ ഉണ്ട്! ഇടുക്കിയിൽ മുസ്ലിംകളേക്കാൾ ആറിരട്ടി ക്രിസ്ത്യാനികളുണ്ടെങ്കിലും ജില്ലാ സമിതിയിൽ മൂന്നു മുസ്ലിംകൾ ഉള്ളപ്പോൾ ക്രിസ്ത്യാനികൾ ആരുംതന്നെ ഇല്ല! തിരുവനന്തപുരം ജില്ലയിൽ മുസ്ലിംകളേക്കാൾ കൂടുതൽ ക്രിസ്ത്യാനികൾ ഉണ്ടെങ്കിലും ജില്ലാ സമിതിയിലെ മൂന്ന് അംഗങ്ങളും മുംസ്ലിംകളാണ്!)
എന്തുകൊണ്ടാണ് ന്യൂനപക്ഷ പ്രമോട്ടേഴ്സിന്റെ കാര്യത്തിൽ സന്തുലിതാവസ്ഥ ഇല്ലാത്തത്? (തിരുവനന്തപുരം 55 പ്രമോട്ടർമാരിൽ 45 മുസ്ലിംകളാണ്; 10 പേർ മാത്രമേ ക്രൈസ്തവരുള്ളൂ! വയനാട്ടിൽ 28 പേരിൽ 22 മുസ്ലിംകളാണ്; ആറു പേർ മാത്രമേ ക്രിസ്ത്യാനികളായുള്ളൂ! എറണാകുളത്ത് 64 പ്രൊമോട്ടർമാരിൽ 47ഉം മുസ്ലിംകളാണ്; 17 പ്രൊമോട്ടർമാരേ ക്രിസ്ത്യാനികളായുള്ളൂ! കോട്ടയത്ത് 55 പേരിൽ 33 പേരും മുസ്ലിംകളാണ്; ക്രൈസ്തവരായ പ്രൊമോട്ടർമാർ 22 പേർ മാത്രം!)
Kerala
കല്‍പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെ വയനാട്ടില്‍ കാപ്പിക്കൃഷി മേഖലയുടെ ആധുനികവത്കരണത്തിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും 25 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില്‍ പുതിയ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായധനമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഹെക്ടറിന് 1,10,000 രൂപയാണ് സഹായം.
25 സെന്റ് മുതല്‍ 10 ഹെക്ടര്‍ വരെ കാപ്പിക്കൃഷിയുള്ളവര്ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്‍ക്ക് പരമാവധി 2.2 ലക്ഷം രൂപയാണ് സഹായം. ഹെക്ടറിന് 77,000 രൂപ ആദ്യവര്‍ഷവും 33,000 രൂപ രണ്ടാംവര്‍ഷവും വിതരണം ചെയ്യും.
കാപ്പിക്കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഹെക്ടറിന് 50,000 രൂപ വരെ സഹായം നല്‍കും. ജലസംഭരണി നിര്‍മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ളര്‍ യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്‍ട്ടിഫൈഡ് തൈകള്‍ ഉത്പാദിപ്പിക്കുന്ന 30 നഴ്സറികള്‍ക്ക് ആറ് ലക്ഷം രൂപ വീതം നല്കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കും.
വയനാടന്‍ കാപ്പിയുടെ വിപണി മൂല്യം ഉയര്‍ത്തുന്നതിന് നാഷണല്‍/ഇന്റര്‍നാഷണല്‍ സര്ട്ടിഫിക്കേഷന്, ജിഐ ടാഗിംഗ് എന്നിവയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) കര്‍ഷകര്‍ക്കും എഫ്പിഒകള്‍ക്കും റീഇംബഴ്സ്മെന്റായി നല്‍കും. പുനര്നടീലിനും ഡ്രിപ് ഇറിഗേഷനും കുറഞ്ഞ നിരക്കില്‍ ടേം ലോണ്‍ ലഭ്യമാക്കാന്‍ പിസിജിഎസ് പദ്ധതി നടപ്പാക്കും.
കര്‍ഷകര്‍ക്ക് നേരിട്ട് സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനും കേര ഫീല്‍ഡ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്‍ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്‍ഷകര്‍ക്ക് ബോധത്കരണ പരിപാടികളും 16,000 കര്‍ഷകര്‍ക്ക് ഗ്രാമതല ശില്പശാലകളും 3,400 കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികളില്‍ സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമാണ്.
താത്പര്യമുള്ള കര്‍ഷകര്‍ https://keraplantation.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരത്തിന് 8089775400 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സർക്കാർ എസ്എസ്കെയ്ക്കുള്ള ഫണ്ട് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകൾ വഴി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂവെന്നും വി. ശിവൻകുട്ടി പറഞ്ഞു.
Kerala
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പെരുമ്പാമ്പിനെ പിടികൂടി. കണ്ണമ്പുഴ ഫ്രാന്‍സിസിന്റെ വീട്ടില്‍ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ പെരുമ്പാമ്പ് എത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
കല്ലു കെട്ടിനുള്ളിലേക്ക് കയറിപ്പോയ പാമ്പിനെ അത് പൊളിച്ചാണ് പിടികൂടിയത്.
Kerala
സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. വള്ളുവാടി വനമേഖലയിൽ രാവിലെ ആറോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. തുടർന്ന് ആനയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈകുന്നേരവും ആനയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
ശനിയാഴ്ചയും ദൗത്യം തുടരുമെന്നാണ് വിവരം. സാഹചര്യങ്ങൾ അനുകൂലമായാൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു.
തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.