സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. വള്ളുവാടി വനമേഖലയിൽ രാവിലെ ആറോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. തുടർന്ന് ആനയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈകുന്നേരവും ആനയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
ശനിയാഴ്ചയും ദൗത്യം തുടരുമെന്നാണ് വിവരം. സാഹചര്യങ്ങൾ അനുകൂലമായാൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു.
തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Tags : wild elephant capture mission forest department