Kerala
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ അസിസ്റ്റന്റ് കണ്സര്വേഷന് ഓഫീസര് നിയമനത്തില് അന്വേഷണത്തിന് സാധ്യത. സ്പെഷ്യല് സെക്രട്ടറിയോട് മന്ത്രി ഒ.ജെ. ജനീഷ് റിപ്പോര്ട്ട് തേടി.
പിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഉദ്യോഗാർഥിക്കു വേണ്ടി പരീക്ഷയും തുടർനടപടികളും പൂർത്തിയാക്കിയെന്നാണ് ആക്ഷേപം. യോഗ്യത മാനദണ്ഡങ്ങളും മാറ്റി. സർക്കാർ ഉത്തരവില്ലാതെയാണ് തസ്തിക സ്ഥിരപ്പെടുത്തിയതെന്നുമാണ് ആരോപണങ്ങള്.
മുന് സര്ക്കാരിന്റെ കാലത്തായിരുന്നു നിയമനം. യോഗ്യതകളിൽ അട്ടിമറി നടത്തിയത് പുരാരേഖ വകുപ്പ് ഡയറക്ടറുമായും സിപിഎമ്മുമായും അടുത്ത ബന്ധമുള്ള ആൾക്കും വേണ്ടിയെന്നുമാണ് യൂത്ത് കോണ്ഗ്രസ് ആരോപണം.
Kerala
തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂണ് ഒന്നു മുതല് ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള് കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല് കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27% പാലക്കാട് 24% തൃശ്ശൂര് 25% മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂർ കാസർഗോഡ് കോട്ടയം കോഴിക്കോട് മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തൃശൂർ: അതിരപ്പിള്ളിയിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിൽ പുലി കുടുങ്ങി. ചക്കാലക്കൽ ജോയിയുടെ വീട്ടിൽ വനം വകുപ്പ് വച്ചിരുന്ന കൂട്ടിൽ ആണ് പുലി കുടുങ്ങിയത്.
ഇന്ന് പുലർച്ചയാണ് സംഭവം. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുൻപ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.
പുലിയെ ഉടൻ തന്നെ കൂട്ടിൽ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റും. ജനവാസ മേഖലയിൽ വന്യ മൃഗങ്ങളുടെ ഇടയ്ക്കിടെ ഉണ്ടാകുന്ന കടന്നു കയറ്റവും സാന്നിധ്യവും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
Kerala
പാലാ: പരമ്പരാഗത കര്ക്കടക ചികിത്സയ്ക്കായി മാര് സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തില് ബുക്കിംഗ് ആരംഭിച്ചു.
ശരീരശുദ്ധീകരണം, രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കല്, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കല്, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങളിലുള്ള വിവിധ പാക്കേജുകള് ലഭ്യമാണ്.
ധാര, സര്വാംഗധൂമം, വിരേചനം, നസ്യം, വസ്തി, കിഴി, ഉത്സാദനം, ഔഷധ ഓയില് മസാജ് എന്നിവയ്ക്കൊപ്പം വ്യക്തിഗത ഭക്ഷണക്രമ നിര്ദേശം, പ്രാണായാമം, യോഗ, കൗണ്സലിംഗ് എന്നിവയും ചികിത്സയുടെ ഭാഗമാക്കുന്നു.
പരിചയസമ്പന്നരായ ആയുര്വേദ ഡോക്ടര്മാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലാണ് ചികിത്സകള് നടക്കുന്നത്. ആയുഷ് വകുപ്പില് നാച്ചുറോപ്പതി, സിദ്ധ വിഭാഗങ്ങളുടെ നേതൃത്വത്തിലും ചികിത്സകള് ലഭ്യമാണ്.
District News
അടൂർ: ജനറൽ ആശുപത്രിയിലെ എക്സ് റേ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പഴക്കം 56 വർഷം. രോഗികളും ജീവനക്കാരും ദിവസേന ഈ കെട്ടിടം ഉപയോഗിക്കേണ്ടിവരുന്നത് സുരക്ഷാ ആശങ്ക ഉയർത്തുകയാണ്.
എക്സ്-റേ ബ്ലോക്ക് എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് എക്സ്-റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. മുകളിലെ നിലയിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രറിയുമുണ്ട്.1969 ജനുവരി 31ന് അന്നത്തെ ആരോഗ്യ മന്ത്രി വെല്ലിംഗ്ടൺ തറക്കല്ലിട്ട കെട്ടിടം 1970 ഏപ്രിൽ 22ന് ആരോഗ്യ മന്ത്രി കെ. എം. ജോർജ് ഉദ്ഘാടനം ചെയ്തതാണ്.
ജീർണാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റാൻ എക്സ് റേ വിഭാഗം പുതിയ ഡയഗ്നോസ്റ്റിക് സെന്റർ കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ പുതിയ കെട്ടിടം ഇതേവരെ പ്രവർത്തനസജ്ജമായിട്ടില്ല.
മാർച്ച് ആറിനു പുതിയ ഡയഗ്നോസ്റ്റിക് സെന്റർ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. കൂടാതെ വിവിധ വിഭാഗങ്ങൾക്കാവശ്യമായ ഫർണിച്ചറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും
ക്രമീകരിക്കാനുണ്ട്. ഇതെല്ലാം സജ്ജീകരിച്ചശേഷമേ കെട്ടിടം പ്രവർത്തനത്തിനായി തുറന്നുകൊടുക്കാനാകൂ.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ നടപടികൾ വൈകുന്നതിൽ രോഗികൾക്കും നാട്ടുകാർക്കും ആശങ്ക ഉയരുകയാണ്. പഴയതും അപകടാവസ്ഥയിലുമായ കെട്ടിടത്തിൽ എക്സ് റേ വിഭാഗം തുടരുന്നതിലെ ആശങ്ക രോഗികളും ജീവനക്കാരും പങ്കുവയ്ക്കുകയാണ്.
Kerala
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനം വകുപ്പ്. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നതായി കണ്ടെത്തി. ഇതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലയ് 3ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലായ് നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഉടൻ പുതിയ സ്റ്റാഫ് പാറ്റേണ് നടപ്പാക്കുമെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കാനുള്ള ശിപാർശ പരിഗണനയിലാണ്.
മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കുന്നത് ഒഴിവാക്കും. ഇതിനായി പ്രാഥമികാരോഗ്യ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. മെഡിക്കൽ കോളജുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കും. കൂടുതൽ സൗകര്യങ്ങളൊരുക്കും. സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രികളെ നവീകരിക്കും. ചികിത്സാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകും.
സർജിക്കൽ പ്രോട്ടോക്കോൾ നടപ്പാക്കും. രോഗികളുടെ മുറിവുകൾ തുറന്നിരിക്കുന്നത് ഒഴിവാക്കും. ചികിത്സാ പിഴവ് ഗൗരവമായി കാണും. ആവർത്തിക്കാതിരിക്കാൻ ഡോക്ടർമാർക്ക് അടക്കം പരിശീലനം നൽകും.
രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ എല്ലാ യൂണിറ്റുകളിലും ഫാക്കൽറ്റി അംഗത്തെയും നഴ്സിംഗ് ഓഫീസറെയും ചുമതലപ്പെടുത്തും. മാലിന്യം നീക്കം ചെയ്യണമെന്നു തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈച്ചകൾ പെരുകുന്നതു തടയും. പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ കമ്മ്യൂണിറ്റി കിച്ചണ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോക് ടർമാരുടെയും നഴ്സുമാരുടെയും അടക്കം വലിയ കുറവാണുള്ളതെന്നും ദശാബ്ദങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേണാണുള്ളതെന്നും വി.മുരളീധരൻ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജിൽ തറയിലും ഒരു കിടക്കയിൽ ഒന്നിലേറെപ്പേരും കിടക്കുന്നു. ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്ന് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതൽ ആക്രമിച്ചയാളാണ് മുരളീധരൻ. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാംഗ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും വീണ ജോർജ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
"സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്."
25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു.
42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ.
അതായത് എൽഡിഎഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.
സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.
എൽഡിഎഫ് സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് വിഹിതം.
Kerala
തിരുവനന്തപുരം: എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കും. പൊതുസംഭരണ മാനുവൽ പരിഷ്കരിക്കും. അതിനായി മാർഗനിർദ്ദേശങ്ങൾ തയാറാക്കുന്നതിനായി പൊതുമരാമത്ത്, ഐടി, ഉന്നതവിദ്യാഭ്യാസം, ടൂറിസം, ജലസേചനവകുപ്പ് എന്നീ വകുപ്പുകളിലെ മന്ത്രിമാരുൾപ്പെടുന്ന ഉപസമിതി രൂപീകരിച്ചു.
പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്.പിഎം ശ്രീ കരിക്കുലം, സ്കൂളുകൾ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
100 ദിവസ കർമ്മപരിപാടികൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. മലയിടംതുരുത്ത് പര്യാത്തുകാവ് പ്രശ്നം പരിഹരിച്ചു. തർക്കഭൂമിയിൽ അഞ്ച് സെന്റ് വീതം ഭൂമി അനുവദിച്ചു. ഏഴ് വീടുകൾ സർക്കാർ നിർമിച്ചു നൽകും.
ഹൈക്കോടതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി അഡ്വ. എം. മുഹമ്മദ് ഷാഫിയെ നിയമിച്ചു. കേരള ക്യാഷ്യൂ ബോർഡ് എംഡിയും ചെയർമാനുമായി ജി. ഉണ്ണികൃഷ്ണനെ നിയമിക്കാൻ തീരുമാനമായി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണവകുപ്പ്. മുന്നറിയിപ്പിലാതെയാണ് കട്ട് ചെയ്തത്.
മുഖ്യമന്ത്രി എന്ന നിലയിൽ അനുവദിച്ച നമ്പറാണ് റദ്ദാക്കിയത്. പത്ത് വർഷമായി പിണറായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറാണ് സർക്കാർ പിൻവലിച്ചത്.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയത്തിനുമായി ഇതേ നമ്പർ പിണറായി വിജയൻ ഉപയോഗിച്ചുവരികയായിരുന്നു. നമ്പർ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leader Page
ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ കഴിഞ്ഞ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിരിക്കേ, അവ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ആത്മാർഥമായ ആഗ്രഹവും ആർജവവും ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ, ന്യൂനപക്ഷ വകുപ്പുമന്ത്രിയായി ഒരു ക്രൈസ്തവനെ നിയോഗിക്കുമായിരുന്നല്ലോ.
പാലൊളി കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കുന്ന സമയത്തെ ലൈൻ അതായിരുന്നില്ലേ? 2013ൽ ആരംഭിച്ചതു മുതൽ ഇന്നുവരെ ഈ വകുപ്പ് എന്തുകൊണ്ടാണ് ഒരു കൂട്ടർ മാത്രം കൈകാര്യം ചെയ്യുന്നത്? എന്തുകൊണ്ടാണ് കേരളമെമ്പാടും ന്യൂനപക്ഷ കമ്മീഷനിലെ പ്രാതിനിധ്യത്തിൽ സാമുദായിക സന്തുലനം തീരെ ഇല്ലാത്തത്? എന്തുകൊണ്ടാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ 22 ജീവനക്കാരിൽ എല്ലാവരും മുസ്ലിംകൾ ആയിരിക്കുന്നത്? (വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ കണക്ക് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ കാണാം.) എന്തുകൊണ്ടാണ് അവിടെ സൂപ്പർവൈസറിൽ താഴെയുള്ള ജീവനക്കാരുടെ നിയമനത്തിനു കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തത്?
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പോലെയുള്ള കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പദ്ധതികൾ മുഖ്യമായും മുസ്ലിം കേന്ദ്രീകൃത ജില്ലകളിൽ നടപ്പാക്കുന്നത്? (ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടനുസരിച്ച്, മലപ്പുറം ജില്ലയിൽതന്നെ 25 സെന്ററുകളാണ് ഇതിനായിട്ടുള്ളത്! 43.48 ശതമാനം ക്രൈസ്തവരുള്ള കോട്ടയം ജില്ലയിൽ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത് മുസ്ലിംകൾ കൂടുതലുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മാത്രമാണ്! ന്യൂനപക്ഷങ്ങളിൽ ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലയിൽ മൂന്നു സെന്ററുകൾ മാത്രമേയുള്ളൂ! ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ മലയോര പ്രദേശങ്ങൾ പിന്നാക്കാവസ്ഥയിൽ ആണെങ്കിലും കാര്യമായ സെന്ററുകളില്ല!)
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സംസ്ഥാന സർക്കാർ വിവിധ ജില്ലകളിൽ രൂപംനൽകിയിട്ടുള്ള പ്രത്യേക സമിതികളിൽ സന്തുലിതാവസ്ഥ ഇല്ലാത്തത്? (മതന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികൾ കൂടുതൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിൽ ഈ സമിതി രൂപീകരിച്ചിട്ടില്ല! എറണാകുളം ജില്ലയിൽ മതന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികളാണ് കൂടുതലെങ്കിലും ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ആരുംതന്നെ ഈ ജില്ലാതല സമിതിയിൽ ഇല്ല; അതേസമയം, ക്രിസ്ത്യാനികളുടെ അംഗസംഖ്യയിൽ പകുതിയിൽ താഴെ മാത്രം അംഗസംഖ്യയുള്ള മുസ്ലിം സമുദായത്തിൽനിന്ന് രണ്ട് അംഗങ്ങൾ ഉണ്ട്! ഇടുക്കിയിൽ മുസ്ലിംകളേക്കാൾ ആറിരട്ടി ക്രിസ്ത്യാനികളുണ്ടെങ്കിലും ജില്ലാ സമിതിയിൽ മൂന്നു മുസ്ലിംകൾ ഉള്ളപ്പോൾ ക്രിസ്ത്യാനികൾ ആരുംതന്നെ ഇല്ല! തിരുവനന്തപുരം ജില്ലയിൽ മുസ്ലിംകളേക്കാൾ കൂടുതൽ ക്രിസ്ത്യാനികൾ ഉണ്ടെങ്കിലും ജില്ലാ സമിതിയിലെ മൂന്ന് അംഗങ്ങളും മുംസ്ലിംകളാണ്!)
എന്തുകൊണ്ടാണ് ന്യൂനപക്ഷ പ്രമോട്ടേഴ്സിന്റെ കാര്യത്തിൽ സന്തുലിതാവസ്ഥ ഇല്ലാത്തത്? (തിരുവനന്തപുരം 55 പ്രമോട്ടർമാരിൽ 45 മുസ്ലിംകളാണ്; 10 പേർ മാത്രമേ ക്രൈസ്തവരുള്ളൂ! വയനാട്ടിൽ 28 പേരിൽ 22 മുസ്ലിംകളാണ്; ആറു പേർ മാത്രമേ ക്രിസ്ത്യാനികളായുള്ളൂ! എറണാകുളത്ത് 64 പ്രൊമോട്ടർമാരിൽ 47ഉം മുസ്ലിംകളാണ്; 17 പ്രൊമോട്ടർമാരേ ക്രിസ്ത്യാനികളായുള്ളൂ! കോട്ടയത്ത് 55 പേരിൽ 33 പേരും മുസ്ലിംകളാണ്; ക്രൈസ്തവരായ പ്രൊമോട്ടർമാർ 22 പേർ മാത്രം!)
Kerala
കല്പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെ വയനാട്ടില് കാപ്പിക്കൃഷി മേഖലയുടെ ആധുനികവത്കരണത്തിനും ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നതിനും 25 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില് പുതിയ തൈകള് വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായധനമാണ് പദ്ധതിയുടെ പ്രധാന ആകര്ഷണം. ഹെക്ടറിന് 1,10,000 രൂപയാണ് സഹായം.
25 സെന്റ് മുതല് 10 ഹെക്ടര് വരെ കാപ്പിക്കൃഷിയുള്ളവര്ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്ക്ക് പരമാവധി 2.2 ലക്ഷം രൂപയാണ് സഹായം. ഹെക്ടറിന് 77,000 രൂപ ആദ്യവര്ഷവും 33,000 രൂപ രണ്ടാംവര്ഷവും വിതരണം ചെയ്യും.
കാപ്പിക്കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള് ഒരുക്കുന്നതിന് ഹെക്ടറിന് 50,000 രൂപ വരെ സഹായം നല്കും. ജലസംഭരണി നിര്മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ളര് യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്ട്ടിഫൈഡ് തൈകള് ഉത്പാദിപ്പിക്കുന്ന 30 നഴ്സറികള്ക്ക് ആറ് ലക്ഷം രൂപ വീതം നല്കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കും.
വയനാടന് കാപ്പിയുടെ വിപണി മൂല്യം ഉയര്ത്തുന്നതിന് നാഷണല്/ഇന്റര്നാഷണല് സര്ട്ടിഫിക്കേഷന്, ജിഐ ടാഗിംഗ് എന്നിവയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) കര്ഷകര്ക്കും എഫ്പിഒകള്ക്കും റീഇംബഴ്സ്മെന്റായി നല്കും. പുനര്നടീലിനും ഡ്രിപ് ഇറിഗേഷനും കുറഞ്ഞ നിരക്കില് ടേം ലോണ് ലഭ്യമാക്കാന് പിസിജിഎസ് പദ്ധതി നടപ്പാക്കും.
കര്ഷകര്ക്ക് നേരിട്ട് സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനും കേര ഫീല്ഡ് ഓഫീസര്മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്ഷകര്ക്ക് ബോധത്കരണ പരിപാടികളും 16,000 കര്ഷകര്ക്ക് ഗ്രാമതല ശില്പശാലകളും 3,400 കര്ഷകര്ക്ക് ശാസ്ത്രീയ കൃഷിരീതികളില് സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമാണ്.
താത്പര്യമുള്ള കര്ഷകര് https://keraplantation.kerala.gov.in എന്ന പോര്ട്ടല് വഴി ഓണ്ലൈനായി അപേക്ഷിക്കണം. കൂടുതല് വിവരത്തിന് 8089775400 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സർക്കാർ എസ്എസ്കെയ്ക്കുള്ള ഫണ്ട് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകൾ വഴി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂവെന്നും വി. ശിവൻകുട്ടി പറഞ്ഞു.
Kerala
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില് പെരുമ്പാമ്പിനെ പിടികൂടി. കണ്ണമ്പുഴ ഫ്രാന്സിസിന്റെ വീട്ടില് നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര് പെരുമ്പാമ്പിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില് പെരുമ്പാമ്പ് എത്തിയത്. ഉടന് തന്നെ വീട്ടുകാര് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
കല്ലു കെട്ടിനുള്ളിലേക്ക് കയറിപ്പോയ പാമ്പിനെ അത് പൊളിച്ചാണ് പിടികൂടിയത്.
Kerala
സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. വള്ളുവാടി വനമേഖലയിൽ രാവിലെ ആറോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. തുടർന്ന് ആനയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈകുന്നേരവും ആനയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
ശനിയാഴ്ചയും ദൗത്യം തുടരുമെന്നാണ് വിവരം. സാഹചര്യങ്ങൾ അനുകൂലമായാൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു.
തുടര്ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആര്ആര്ടി സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Kerala
പാലാ: അറുപതിനു മുകളില് പ്രായമുള്ളവര്ക്കായി മാര് സ്ലീവാ മെഡിസിറ്റിയില് ജെറിയാട്രിക് വിഭാഗം പ്രവര്ത്തനം ആരംഭിച്ചു. പ്രായമായവരുടെ രോഗങ്ങള്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്ക്കും നൂതന ചികിത്സാ സൗകര്യങ്ങള് ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തില് ലഭ്യമാണ്.
ഡയബറ്റിസ്, ഹൈപ്പര്ടെന്ഷന്, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങള് ഒരുമിച്ചുള്ളവര്, പല രോഗങ്ങള്ക്കായി അഞ്ചിലധികം മരുന്നു കഴിക്കുന്നവര്, വീണു പരിക്കേറ്റ് ചികിത്സ തേടിയവര്, വീഴുമോ എന്ന് ഭയമുള്ളവര്, മറവി രോഗം, തലചുറ്റല്, നടക്കുമ്പോള് തളര്ച്ച, ശരീരവേദനകള്, നീണ്ടുനില്ക്കുന്ന വേദന, ഭാരക്കുറവ് മാനസിക വിഷാദം തുടങ്ങിയവ നേരിടുന്നവര്, വീട്ടില് ഒറ്റയ്ക്ക് താമസിക്കുന്നവര് എന്നിവര്ക്കെല്ലാം ജെറിയാട്രാക് വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
മുതിര്ന്നവരുടെ ആരോഗ്യപരിചരണ രംഗത്ത് പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. ആര്. ലിഡിയയുടെ നേതൃത്വത്തിലാണ് ജെറിയാട്രിക് വിഭാഗത്തിന്റെ സേവനങ്ങള് ലഭ്യമാകുക.
പ്രായമായവരുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യക്ഷമത പരമാവധി നിലനിര്ത്താനും ജെറിയാട്രിക് വിഭാഗം ലക്ഷ്യമിടുന്നു. ഒ.പി.ബുക്കിംഗിന് 04822- 359900, 354900, 269500.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.
Kerala
തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ലൈസന്സ് മരവിപ്പിച്ചതിനെ തുടർന്ന് ശ്രീശൻ ഫാര്മസ്യൂട്ടിക്കൽസിന്റെ കേരളത്തിലെ മരുന്ന് വിൽപ്പന നിരോധിച്ചെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനത്തിനെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്.
അവർക്ക് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈവശമുള്ളവർ ഉപയോഗിക്കരുത്. ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.