Kerala
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
ഡിസംബർ 29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്കു വിറയലും ഛർദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരിൽ മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
District News
ഫോര്‍ട്ടുകൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയില്‍ നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഏഴാം ഘട്ടത്തിന് തുടക്കമായി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേതാ മേനോന് ഉദ്ഘാടനം ചെയ്തു.
കെ.ജെ. മാക്സി എംഎല്‍എ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി തൈവീട്ടില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സജു ആന്റണി പുന്നകാട്ടുശേരി, ഡോ. കെ.എസ്. അജയകുമാര്‍, ഡോ. ശ്രീഗണേഷ് കെ.പ്രഭു, ഡോ. കെ.വി. വിലേഷ്, ഡോ. സുനില്‍ റോയ്, ഡോ. പ്രദീപ് കുമാര്‍, ഡോ. നിജില്‍ ക്ലീറ്റസ്, സേവ്യര്‍ പൊള്ളയില്, ബോര്‍ഡ് മെമ്പര്‍ കെ. എസ്. സാബു എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഓണനാളില്‍ നടത്തിയ പഴയിടത്തിന്റെ പായസക്കുടം പരിപാടി വഴി സ്വരുക്കൂട്ടിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്യുന്നത്.