പുല്‍പ്പള്ളി: വയനാട്ടിലെ തുടര്‍ച്ചയായ കനത്ത മഴയിലും കബനിയുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴ കനത്തതോടെ കര്‍ണാടകടയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. ഇക്കൊല്ലം ആദ്യമായാണ് അണക്കെട്ട് നിറഞ്ഞത്.
ഞായറാഴ്ച വൈകുന്നേരത്തോടെ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഇപ്പോള്‍ 5000 ക്യുസെക്സ് ജലം കബനിയില്‍ നിന്നും കാവേരിയിലേക്ക് ഒഴുകുന്നുണ്ട്. ജലക്ഷാമത്തെ തുടര്‍ന്ന് വലഞ്ഞ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് വയനാട്ടിലെ മഴ അനുഗ്രഹമായി.
മുന്‍ വര്‍ഷങ്ങളില്‍ ജൂലൈ ആദ്യവാരം നിറഞ്ഞിരുന്ന ബീച്ചനഹള്ളി അണക്കെട്ട് ഇത്തവണ ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് നിറഞ്ഞത്. ഇതേത്തുടര്‍ന്ന് തമിഴ്നാടിനും കര്‍ണാടക വെള്ളം തുറന്നുകൊടുക്കാന്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ വയനാട്ടില്‍ കനത്ത മഴ ലഭിച്ചാല്‍ ബീച്ചനഹള്ളി ഡാമിനോട് ചേര്‍ന്ന നുഗ, താര്‍ക്ക അണക്കെട്ടുകളിലും വൃഷ്ടിപ്രദേശങ്ങളിലും വെള്ളം പരമാവധി ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ണാടക ജല വകുപ്പ്. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ കബനി തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായതിന്റെ ആശ്വാസത്തിലാണ് കബനി തീരത്തെ പ്രദേശവാസികള്‍.