കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് സൊസൈറ്റിയിൽ 2022-23 വർഷത്തെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേട് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ഓഡിറ്ററും ചേർന്ന് പുറത്തറിയിക്കാതെ ഒത്തു തീർപ്പാക്കിയെന്ന് ഗുരുതരമായ ആരോപണം.
2022-23 വർഷത്തെ ഓഡിറ്റിൽ നിരവധി കാഷ് വൗച്ചറുകളുടെ അഭാവം കണ്ടെത്തിയിരുന്നു. ഇത് ഹാജരാക്കാൻ പ്രസിഡന്റ് സെക്രട്ടറിക്ക് രേഖാമൂലം 14-09-23ന് നോട്ടീസ് നൽകുകയും ഹാജരാക്കിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഹാജരാക്കാൻ ആവശ്യപ്പെട്ട കാഷ് വൗച്ചറുകൾ ഹാജരാക്കാതെ തന്നെ ഓഡിറ്റ് പൂർത്തിയാക്കി റിമാർക്ക്സോടെ ക്രമക്കേടുകളില്ലെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചുമെന്നാണ് ആരോപണം. കാഷ് വൗച്ചറുകളും മറ്റു രേഖകളും ചുരുങ്ങിയത് 10 വർഷമെങ്കിലും ഓഫീസിൽ സൂക്ഷിക്കണം എന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള സ്റ്റോർ വഴി പോലീസ് യൂണിഫോം വിതരണം ചെയ്യാൻ ഭരണ സമിതി തീരുമാനം എടുത്തിരുന്നുവെങ്കിലും ഇല്ലാത്ത കന്പനിക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം യൂണിഫോം നൽകേണ്ട സ്ഥാപനത്തിന് അഡ്വാൻസ് നൽകാതെ യൂണിഫോം തുണികൾ ലഭിക്കുന്നതിനിടെ തന്നെ മുഴുവൻ തുകയുടെയും ചെക്ക് നൽകുകയും ചെയ്തു. എന്നാൽ ഇതുവരെയായും ചില സേനാംഗങ്ങൾക്ക് യൂണിഫോം തുണി ലഭിച്ചിട്ടില്ല.
ലഭിക്കാത്തവർ ഇതു സംബന്ധിച്ച് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം പ്രഹസനമായിരുന്നുവെന്ന് അംഗങ്ങൾ തന്നെ ആരോപിക്കുന്നുണ്ട്.
സൊസൈറ്റിയുടെ സ്റ്റോർ വഴി പർച്ചേസ് ചെയ്യുന്ന സാധന സാമഗ്രികൾ ഭരണ സമിതിയുമായി ആലോചിക്കാതെ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്തു വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും ആരോപണമുണ്ട്.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. സൊസൈറ്റിയിൽ അനാവശ്യ തസ്തികകളായ പ്യൂൺ, നൈറ്റ് വാച്ച് തസ്തികകൾ സൃഷ്ടിച്ച് സിപിഎം ജില്ലാകമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ളവർക്ക് ജോലി നൽകാൻ നീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്.
Tags : District Police nattuvishesham local news