പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടത്തിയ പ്രക്ഷോഭം രാജ്യവ്യാപകമായി പുനരാരംഭിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം). കേന്ദ്രത്തിന്റെ കാർഷികവിരുദ്ധ നയങ്ങൾക്കെതിരേ ഏഴു പ്രധാന ആവശ്യങ്ങൾ ഉയർത്തിയായിരിക്കും പ്രക്ഷോഭങ്ങൾ ആരംഭിക്കുക.
ആവശ്യങ്ങൾ നടപ്പിലാക്കുംവരെ പ്രക്ഷോഭം തുടരുമെന്നും എസ്കെഎം നേതാക്കൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ-യുഎസ് കരാറുൾപ്പെടെയുള്ള എല്ലാ സ്വതന്ത്രവ്യാപാര കരാറുകളും റദ്ദാക്കുക, എം.എസ്. സ്വാമിനാഥൻ നിർദേശിച്ച വിളകളുടെ മിനിമം താങ്ങുവില ഉറപ്പുവരുത്താൻ നിയമം പാസാക്കുക, എല്ലാ വിളകളും സംഭരിക്കുക, കർഷക ആത്മഹത്യകൾ അവസാനിപ്പിക്കാൻ സമഗ്രമായ കടം എഴുതിത്തള്ളൽ പദ്ധതി നടപ്പാക്കുക, ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, തൊഴിൽ കോഡുകൾ റദ്ദാക്കുക, എല്ലാ തൊഴിലാളികൾക്കും 31,000 രൂപ കുറഞ്ഞ വേതനവും 200 ദിവസത്തെ തൊഴിലും 700 രൂപ വേതനവും ഉറപ്പാക്കി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് എസ്കെഎമ്മിന്റെ പ്രധാന ആവശ്യങ്ങൾ.
ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി നവംബർ 26 മുതൽ ന്യൂഡൽഹിയിലും രാജ്യത്തുടനീളമുള്ള 100 കേന്ദ്രങ്ങളിലും കർഷക മാർച്ചുകൾക്കും ഒന്നിലധികം ദിവസത്തെ വൻ ജനകീയ പ്രക്ഷോഭങ്ങൾക്കും തയാറെടുക്കാൻ എസ്കെഎം കർഷകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Tags : KisanMorcha Farmer Protests Deepika DeepikaNewspaper BreakingNews NewsUpdate Headlines