പ്രതീകാത്മക ചിത്രം
വാഡുസ്: നികുതിവെട്ടിപ്പുകാരുടെയും കള്ളപ്പണക്കാരുടെയും പറുദീസയെന്ന് ആഗോളതലത്തിൽ അറിയപ്പെടുന്ന യൂറോപ്യൻ രാജ്യമായ ലിച്ചൻസ്റ്റൈനിൽ വൻ സൈബർ ആക്രമണം.
രാജ്യത്തെ 31,000ത്തോളം കമ്പനികളുടെയും ട്രസ്റ്റുകളുടെയും യഥാർഥ ഉടമസ്ഥരുടെ വിവരങ്ങൾ അടങ്ങിയ ‘രജിസ്റ്റർ ഓഫ് ബെനിഫിഷ്യൽ ഓണേഴ്സ്’സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരും വൻകിട നികുതിവെട്ടിപ്പുകാരും കടുത്ത ആശങ്കയിലാണ്. സംഭവത്തെത്തുടർന്ന് അടിയന്തര നടപടികൾക്കായി സർക്കാർ ക്രൈസിസ് ടീമിനെ നിയോഗിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവ തടയുന്നതിനായി സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും യഥാർഥ ഉടമകൾ ആരൊക്കെയാണെന്നു വ്യക്തമാക്കുന്ന രഹസ്യരേഖകളാണ് ഈ സിസ്റ്റത്തിൽ സൂക്ഷിച്ചിരുന്നത്. ഈ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. ജൂലൈ 30നാണ് അജ്ഞാതനായ ഹാക്കർ സിസ്റ്റത്തിലേക്ക് അനധികൃതമായി കടന്നുകയറിയത്.
ചില ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ബാധിക്കപ്പെട്ട സിസ്റ്റത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.ചോർത്തപ്പെട്ട വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും ഡാറ്റ പൂർണമായി നശിപ്പിക്കുകയോ ചെയ്തതായി സൂചനകളൊന്നുമില്ലെന്ന് സർക്കാർ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CyberAttack