പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനമാനിച്ച് ഇറാനെതിരായ ആക്രമണം മാറ്റിവച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ള ഗൾഫ് നേതാക്കളുടെയും ഇറാന്റെയും അഭ്യർഥനമാനിച്ചാണ് പദ്ധതി ഉപേക്ഷിച്ചത്. നയതന്ത്രത്തിന് കൂടുതൽ സാവകാശം നൽകാൻ തീരുമാനിച്ചു’’ - ട്രംപ് പറഞ്ഞു. ഗൾഫ് സഖ്യകക്ഷികളായ ഖത്തർ, സൗദി, യുഎഇ എന്നിവരാണ് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയിൽ സമ്മർദം ചെലുത്തിയത്.
മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു. സംഘർഷം നീങ്ങുന്നത് എവിടേക്കാണെന്ന് അറിയാൻ സാധിക്കാത്തതിനാൽ സമാധാനക്കരാറാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് സൽമാൻ പറഞ്ഞതായി ട്രംപ് അറിയിച്ചു. ഇറാനുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടതായും ശക്തമായ ആക്രമണം നടത്തുമെന്നും പ്രഖ്യാപിച്ച് ഇരുട്ടിവെളുത്തപ്പോഴേക്കും ട്രംപ് മലക്കംമറിഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ സമ്മർദമാണ് ട്രംപിനെ പിന്തിരിപ്പിച്ചത്.
ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതും പുതിയ കരാറിൽ ഉൾപ്പെടുമെന്നു ട്രംപ് ഞായറാഴ്ചയും ആവർത്തിച്ചു. എന്നാൽ ഹോർമുസ് ഇനിയൊരിക്കലും മുൻപുള്ളസ്ഥിതിയിലായിരിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഞായറാഴ്ച പറഞ്ഞു. ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം സംബന്ധിച്ച് ഒമാനുമായി ചർച്ച നടക്കുന്നുണ്ടെന്നും എന്നാൽ, കടലിടുക്ക് തുറക്കുന്നതിൽ ചർച്ചകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ഭുതമില്ലെന്ന് ഇറാൻ
ടെഹ്റാൻ: ട്രംപിന്റെ പ്രഖ്യാപനത്തിൽ രാജ്യത്തിന് അദ്ഭുതമില്ലെന്ന് ഇറാൻ പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ സയിദ് മജീദ് പറഞ്ഞു.അമേരിക്കയിൽനിന്നുള്ള ഭീഷണിയിൽ ഇറാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറേനിയൻ സ്റ്റേറ്റ് മീഡിയ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പറഞ്ഞു.ഇറാൻ നിലപാട് കടുപ്പിച്ചതോടെ യുദ്ധത്തിൽനിന്നും തലയൂരാനും ആക്രമണങ്ങൾ അവസാനിപ്പിക്കാനും കഴിയാതെ തുടരുകയാണ് യുഎസ്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines Trumph Attack