പ്രതീകാത്മക ചിത്രം
തൊടുപുഴ: കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നതോടെ സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ടിലെത്തി. രണ്ട് അണക്കെട്ടുകള്‍ ഓറഞ്ച് അലര്‍ട്ടിലും 11 അണക്കെട്ടുകള്‍ മഞ്ഞ അലര്‍ട്ടിലുമാണ്.
വൈദ്യുതിവകുപ്പിനു കീഴില്‍ ആറ് അണക്കെട്ടുകളും ജലവിഭവ വകുപ്പിനു കീഴില്‍ ഒരു അണക്കെട്ടുമാണ് റെഡ് അലര്‍ട്ടിലുള്ളത്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നിവയാണ് വൈദ്യുതി വകുപ്പിനു കീഴിലെ റെഡ് അലര്‍ട്ടുള്ള അണക്കെട്ടുകള്‍. ജലവിഭവ വകുപ്പിനു കീഴില്‍ തൊടുപുഴ മലങ്കര അണക്കെട്ടും ഉള്‍പ്പെടുന്നു. മംഗലം, നെയ്യാര്‍ ഡാമുകളാണ് ഓറഞ്ച് അലര്‍ട്ടിലുള്ളത്.
ഭൂതത്താന്‍കെട്ട്, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, പോത്തുണ്ടി, മംഗലംഡാം, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ,പഴശി അണക്കെട്ടുകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ തിമിര്‍ത്തുപെയ്തതോടെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഒരാഴ്ചമുമ്പ് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി 29 ശതമാനം വെള്ളംമാത്രമാണുണ്ടായിരുന്നത് നിലവിലിത് 43 ശതമാനത്തിലേക്കുയര്‍ന്നു.
ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ജലനിരപ്പ് 2344.98 അടിയാണ്.സംഭരണശേഷിയുടെ 41.63 ശതമാനമാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ 16.36 അടിവെള്ളം ഇടുക്കിയില്‍ ഉയര്‍ന്നു. 2,403 അടിയാണ് പരമാവധി സംഭരണശേഷി. 2382.52 അടിയാണ് റെഡ് അലര്‍ട്ട് ലെവല്‍. നിലവിലെ ജലനിരപ്പനുസരിച്ച് അണക്കെട്ട് നിറയാന്‍ ഇനിയും 59 അടിവെള്ളംകൂടി വേണം.
മുല്ലപ്പെരിയാറില്‍ ഇന്നലെ ജലനിരപ്പ് 118.35 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നത് തമിഴ്നാടിനും പ്രതീക്ഷ നല്‍കുന്നുണ്ട്. തേക്കടിയില്‍ ഇന്നലെ 36.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. മലങ്കര അണക്കെട്ടില്‍ 41.30 മീറ്ററാണ് ജലനിരപ്പ്. 42 മീറ്ററാണ് സംഭരണശേഷി. നിലവില്‍ അണക്കെട്ടിന്റെ അഞ്ചുഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി തൊടുപുഴ, മൂവാറ്റുപുഴയാറുകളിലേക്ക് വെള്ളമൊഴുക്കുന്നുണ്ട്.
നിലവില്‍ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടകരമായ നിലയിലാണ്.
Tags : WaterLevels Dams RedAlert Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash