x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി

വെബ്ഡെസ്ക്
Published: August 4, 2026 01:18 AM IST | Updated: August 4, 2026 01:18 AM IST

വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍നി​ന്നു എൻഡിആർഎഫ് സംഘം കിടപ്പുരോഗിയെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​ന്നു.

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ലൂ​ടെ കു​തി​ച്ചെ​ത്തി​യ പ്ര​ള​യ​ജ​ലം കോ​ട്ട​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യെ വെ​ള്ള​ത്തി​ല്‍ മു​ക്കി. ജി​ല്ല​യു​ടെ താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും ഗ​താ​ഗ​തം മു​ട​ങ്ങി. ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

ന​ട​ന്നുപോ​ക​വേ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ആ​റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യും മ​ണ​ര്‍കാ​ട് പ​റ​മ്പു​ക​ര​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നും മ​രി​ച്ച​ത് ഇ​ന്ന​ല​ത്തെ സ​ങ്ക​ട​വാ​ര്‍ത്ത​യാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. പ്ര​ള​യ​ത്തി​ല്‍ ഈ​രാ​റ്റു​പേ​ട്ട​യി​ലെ​യും പാ​ലാ​യി​ലെ​യും നൂ​റു​ക​ണ​ക്കി​നു വ്യാ​പാ​രി​ക​ള്‍ക്ക് വ​ലി​യ നാ​ശ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും നി​ര​വ​ധി വ്യാ​പാ​രി​ക​ള്‍ക്ക് ന​ഷ്ട​മു​ണ്ട്.

നെ​ല്ല്, പ​ച്ച​ക്ക​റി, ക​പ്പ്, വാ​ഴ, ജാ​തി തു​ട​ങ്ങി കാ​ര്‍ഷി​ക മേ​ഖ​ല​യി​ലും വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും മ​ട​വീ​ഴ്ച​യു​മു​ണ്ട്. മീ​ന​ച്ചി​ല്‍, മ​ണി​മ​ല, മൂ​വാ​റ്റു​പു​ഴ​യാ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​രു​ള്‍പൊ​ട്ട​ലു​ണ്ടാ​യ മ​ല​യോ​ര​ത്ത് ഇ​ന്ന​ലെ മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യി. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ​ല റോ​ഡു​ക​ളി​ലും ഇ​പ്പോ​ഴും ഗ​താ​ഗ​തം സു​ഗ​മ​മാ​യി​ട്ടി​ല്ല. പെ​രി​ങ്ങു​ളം പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ്ര​ദേ​ശ​ത്ത് പ​ല​കു​ടും​ബ​ങ്ങ​ളും ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ക​യാ​ണ്.

കു​തി​ച്ചെ​ത്തി മ​ല​വെ​ള്ളം; ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു

ശ​നി​യാ​ഴ്ച വെ​ള്ള​ത്തി​ല്‍ പൂ​ര്‍ണ​മാ​യും മു​ങ്ങി​യ പാ​ലാ​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളം ഇ​റ​ങ്ങിത്തുട​ങ്ങി​യി​രു​ന്നു. രാ​ത്രി​യോ​ടെ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ല്‍ പാ​ലാ ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും വെ​ള്ളം​ക​യ​റി​യ​ത് ആ​ശ​ങ്ക പ​ട​ര്‍ത്തി. മൂ​ന്നാ​നി​യും കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍ഡും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ഉ​ച്ച​യോ​ടെ ളാ​ലം ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി.

പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കി​ഴ​ക്ക​ന്‍ വെ​ള്ളം​ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ള്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട്ട​യ​ത്തി​ന്‍റെ താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ള്‍ മു​ങ്ങാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ലാ​ണ് വെ​ള്ളം ക​യ​റിത്തു​ട​ങ്ങി​യ​ത്.

കു​മ​ര​കം, തി​രു​വാ​ര്‍പ്പ്, അ​യ്മ​നം, ആ​ര്‍പ്പൂ​ക്ക​ര, വി​ജ​യ​പു​രം, അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്രദേ​ശ​ങ്ങ​ളും മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ഭാ​ഗ​ങ്ങ​ളും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും ഇ​ന്ന​ലെ പു​ല​ര്‍ച്ചെ​യോ​ടെ വെ​ള്ള​ത്തി​ല്‍ പൂ​ര്‍ണ​മാ​യും മു​ങ്ങി. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല​രും അ​ത്യാ​വ​ശ്യ സാ​ധ​നസാ​മ​ഗ്രി​ക​ളുമാ​യി ക്യാ​മ്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റി. വീ​ടു​ക​ളു​ടെ ര​ണ്ടാം നി​ല​യി​ലും മ​റ്റും ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രെ ഫ​യ​ര്‍ഫോ​ഴ്‌​സ് ഡി​ങ്കി ബോ​ട്ടി​ല്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. കോ​ട്ട​യം-​ഇ​റ​ഞ്ഞാ​ല്‍, ഏ​റ്റു​മാ​നൂ​ര്‍-​മ​ണ​ര്‍കാ​ട് ബൈ​പാ​സ്, കോ​ട്ട​യം-​കു​മ​ര​കം, വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം മു​ട​ങ്ങി.

വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ന​ട്ടാ​ശേ​രി, പാ​റ​മ്പു​ഴ, ഇ​റ​ഞ്ഞാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം മു​ങ്ങി. കൊ​ശ​മ​റ്റം കോ​ള​നി​യി​ലും വെ​ള്ളം​ ക​യ​റി, ഈ ​പ്ര​ദേ​ശ​ത്ത് നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു. കോ​ട്ട​യം-​കു​മ​ര​കം-​ചേ​ര്‍ത്ത​ല, കു​മ​ര​കം-​വൈ​ക്കം റോ​ഡു​ക​ളി​ല്‍ വെ​ള്ളം​ ക​യ​റി.

മീ​ന​ച്ചി​ലാ​ർ ക​ര​ക​വി​ഞ്ഞു

മീ​ന​ച്ചി​ലാ​ര്‍ ക​ര​ക​വി​ഞ്ഞെ​ത്തി​യ​തോ​ടെ കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്താ​ല്‍ ഒ​റ്റ​പ്പെ​ട്ടു. താ​ഴ​ത്ത​ങ്ങാ​ടി, പു​ത്ത​ന​ങ്ങാ​ടി, കാ​രാ​പ്പു​ഴ, പാ​റേ​ച്ചാ​ല്‍, അ​റു​പു​ഴ, 16-ല്‍ചി​റ, പാ​റ​പ്പാ​ടം, കാ​ഞ്ഞി​രം, പാ​ണം​പ​ടി, പു​ളി​ന​ാക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡി​ലും നാ​ഗ​മ്പ​ടം ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലും കു​ട്ടി​ക​ളു​ടെ പാ​ര്‍ക്കി​ലും വെ​ള്ളം​ ക​യ​റി. കു​മാ​ര​ന​ല്ലൂ​ര്‍, സം​ക്രാ​ന്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ല​ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ല്‍ ഒ​റ്റ​പ്പെ​ട്ടു. കു​റു​വാ​മൂ​ഴി-​എ​രു​മേ​ലി-​ക​രി​മ്പി​ന്‍തോ​ട് റോ​ഡി​ല്‍ ഓ​രു​ങ്ക​ല്‍ക​ട​വ് പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ കോ​സ് വേ​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യും പൂ​ര്‍ണ​മാ​യി വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല.

Tags : WesternPart Kottayam Submerged Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up