കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം.
കൽപ്പറ്റ: ജില്ലയിൽ മഴക്കെടുതിയെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെയാണ് നടക്കുന്നതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനികോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. കേന്ദ്ര കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ, ജില്ലാ ഭരണകൂടം, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണ്. കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഗതാഗത നിയന്ത്രണം കർശനമാക്കാൻ പോലീസ്, റവന്യു, അഗ്നിരക്ഷാസേന, തുരങ്കനിർമാണ കന്പനി പ്രതിനിധികളുടെ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ചൂരൽമല, മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ടു പോകുന്നതിനാൽ മേപ്പാടി പഞ്ചായത്തിലെ ഒന്‍പത് മുതൽ 12 വരെ വാർഡുകളിലെ മുഴുവൻ ആളുകൾക്കും സൗജന്യ റേഷൻ നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 28 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. ക്യാന്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ കൃത്യതയോടെ എത്തിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിർമാണ മേഖലയോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റി സുരക്ഷിതമായി സ്ഥാപിക്കാൻ കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.
മഴക്കെടുതിയെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് കൃഷിനാശ വിവരങ്ങൾ അറിയിക്കാൻ എല്ലാ ജില്ലയിലും കൃഷിവകുപ്പിന്റെ കണ്ട്രോൾ റൂം തുറന്നതായി മന്ത്രി അറിയിച്ചു. കളക്ടറേറ്റ് മിനികോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, എഡിഎം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.