മൂപ്പൈനാട്: മഴക്കാലമായാല്‍ മണ്ണിടിഞ്ഞ് വീടുകള്‍ തകര്‍ന്നേക്കുമെന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന ജയ്ഹിന്ദിലെ നാല് കുടുംബങ്ങളെ അധികൃതര്‍ അങ്കണവാടിയില്‍ ഒരുക്കിയ താത്കാലിക ക്യാമ്പിലേക്ക് മാറ്റി.
നാല് കുട്ടികളടക്കം 17 പേരാണ് ക്യാമ്പിലുള്ളത്. കുന്നിന് ചെരിവിലുള്ള പല വീടുകളുടെയും മുറ്റത്തും പിന്‍ഭാഗത്തുമെല്ലാം മണ്ണിടിഞ്ഞു വീണു കിടക്കുകയാണ്.
വീടുകളുടെ മുറ്റം വിണ്ടു കീറി ഏതു നേരവും അടര്‍ന്ന് 30 അടിയോളം താഴ്ച്ചയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. 2018 മുതല്‍ ഇവര്‍ മഴക്കാലത്ത് ക്യാമ്പിലാണ് കഴിയുന്നത്. മഴ ശമിച്ചാല്‍ അപകട ഭീഷണി നിലനില്‍ക്കുന്ന വീടുകളിലേക്ക് മടങ്ങും. 1969 മുതല്‍ ഈ ഭൂമിയില്‍ വീട് വച്ച് താമസിച്ചു വരുന്നവരാണിവര്‍. അഞ്ച് സെന്റ് മുതല്‍ 15 സെന്റ് വരെ ഭൂമി കൈവശമുണ്ട്. എന്നാല്‍ 57 വര്‍ഷം പിന്നിട്ടിട്ടും തൃക്കൈപ്പറ്റ വില്ലേജിലുള്ള ഇവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല.
വനം വകുപ്പാണ് ഇതിന് തടസം. പട്ടയത്തിനപേക്ഷിച്ചാല് നിക്ഷിപ്ത വനഭൂമിയാണെന്ന വനംവകുപ്പ് അധികാരികളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെടുകയാണ്. 20 വര്‍ഷം മുമ്പ് നടന്ന സംയുക്ത സര്‍വേയ്ക്ക് ശേഷവും പട്ടയം ലഭിച്ചില്ല. നാലില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് ലൈഫ്ഭവന പദ്ധതിയില്‍ വീട് പാസായെങ്കിലും പട്ടയമോ നികതിച്ചീട്ടോ ഇല്ലാത്തതിനാല്‍ അനുവദിക്കാനാവില്ലെന്ന് അധികാരികള്‍ പറയുന്നു. ഭീതിയോടെയല്ലാതെ കിടന്ന് ഉറങ്ങാന്‍ ഒരു വീട് എന്ന ഇവരുടെ ആഗ്രഹം സ്വപനം മാത്രമായി അവശേഷിക്കുകയാണിപ്പോഴും.
Tags : Four families n Jaihind face