ഗുരുവായൂർ ക്ഷേത്രം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ആരംഭിച്ച വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ നിലവിൽ വന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ക്ഷേത്രത്തിലെ ദർശനം കൂടുതൽ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രീതി നടപ്പിലാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാവിലെ ഏഴുമുതൽ പത്തുവരെയും ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെയുമാണ് സ്ലോട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഒരു ഓൺലൈൻ ബുക്കിംഗിലൂടെ പരമാവധി ആറു പേർക്ക് വരെ ദർശനത്തിനായി രജിസ്റ്റർ ചെയ്യാം. പുതിയ സംവിധാനത്തിന് ഭക്തജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിലെ ദിവസങ്ങളിലേക്കുള്ള സ്ലോട്ടുകൾ ഇതിനോടകം തന്നെ പൂർണമായി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിംഗിനായുള്ള തീയതികളും സ്ലോട്ടുകളും ദേവസ്വം ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു.
Tags : Guruvayur Temple Virtual Queue Booking