പത്തനംതിട്ട: പൊതുസ്ഥലത്തും പൊതുപരിപാടികൾക്കിടയിലും ഉത്സവ സ്ഥലങ്ങളിലും മറ്റും പൊതുജനങ്ങളെയും പോലീസിനെയും ആക്രമിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന അക്രമികളെ നേരിടാൻ ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലനം ആരംഭിച്ചു.
അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി വന്നിരുന്ന പരിശീലനങ്ങൾ കാലഹരണപ്പെട്ടതാണെന്ന ബോധ്യത്തിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നൂതന പരിശീലനമുറകൾ അഭ്യസിപ്പിക്കണമെന്ന തീരുമാനം ആഭ്യന്തരവകുപ്പ് തലത്തിൽ ഉണ്ടായത്. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ ഹെഡ് ക്വാർട്ടറിലെ സബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ പിള്ള, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
വനിതാ പോലീസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ഘട്ടംഘട്ടമായി ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും ഇത്തരത്തിൽ പരിശീലനം നൽകും.
സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം , കല്ലേറ്, പൊതുമുതൽ നശിപ്പിക്കൽ മുതലായ ഏതുതരം അക്രമ പ്രവർത്തനങ്ങളെയും സംഘടിതമായി ചെറുക്കാനും തടയാനും പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നുള്ളതാണ് ഇത്തരം പരിശീലന പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ആധുനിക രീതിയിലുള്ള ബോഡി പ്രൊട്ടക്ടർ, ഷീൽഡ്, ഹെൽമെറ്റ്, ലാത്തി എന്നിവ ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പരിശീലനം നടത്തുന്നത്. ഇതോടൊപ്പം കൈകൾ മാത്രം ഉപയോഗിച്ച് അക്രമികളെ കീഴ്പെടുത്തുന്നതിനുള്ള പരിശീലനവും പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.