പത്തനംതിട്ട: നഗരത്തിലെ ഓടനിര്‍മാണം അനിശ്ചിതമായി നീളുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. വർഷങ്ങളായി പണി ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപാലത്തോടു ചേർന്ന ഭാഗങ്ങളിലാണ് ഓടനിർമാണം. ടൗൺ സ്ക്വയറിനു മുന്പിലൂടെയുള്ളതടക്കമുള്ള ഓട നിർമാണം വിവാദത്തിലുമായി.
അബാൻ മേൽപ്പാലം നിർമാണത്തെത്തുടർന്ന് ഈ ഭാഗത്ത് നാളുകളായി ഗതാഗതം താറുമാറാണ്. ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡ് ഒരു വർഷത്തോളമായി അടച്ചിരിക്കുകയാണ്.
നഗരത്തിൽനിന്നും കുന്പഴ ഭാഗത്തേക്കാണ് ഓടനിർമാണം ആരംഭിച്ചത്. കുന്പുഴ ജംഗ്ഷനു സമീപം കലുങ്കിന്റെ നിർമാണവും നടക്കുന്നുണ്ട്. ടികെ റോഡിലെ പഴയ കലുങ്കുകൾ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട - കുന്പഴ ഭാഗത്തു നിർമാണം തുടങ്ങിയത്. എന്നാൽ ഇതു സമയബന്ധിതമായി പൂർത്തീകരിക്കാനാകാത്ത സ്ഥിതിയാണ്.
ഓടനിർമാണം ആരംഭിക്കുന്നതിനു മുന്‍പായി ടെലിഫോൺ, ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പണികൾ ആരംഭിച്ചതിനു പിന്നാലെ പലയിടത്തും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. നഗരപ്രദേശത്ത് ഈയാഴ്ച ദിവസങ്ങളോളം വെള്ളം ലഭിച്ചിരുന്നില്ല. ഇന്റർനെറ്റ് കേബിളുകൾ മുറിഞ്ഞ സംഭവവുമുണ്ടായി.
ഇതിനിടെയാണ് ടൗൺ സ്ക്വയർ പ്രവേശനകവാടത്തിലെ പടികൾ തകർത്തത്. ഓട നിർമാണ ആവശ്യത്തിലേക്ക് ഇതു പൊളിക്കേണ്ടിവരുമെന്ന് നേരത്തേ അറിയിച്ചിരുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. ഓട പൂർത്തിയായാൽ പടികൾ പുനഃസ്ഥാപിക്കുമെന്നും കരാറുകാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നഗരസഭപോലും അറിയാതെ പടികൾ പൊളിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
നിർമാണത്തിൽ
അശാസ്ത്രീയത
ഇതിനിടെ ഓടനിർമാണത്തിനെതിരേ വ്യാപാരികളും രംഗത്തെത്തി. അശാസ്ത്രീയമായാണ് നിർമാണം നടക്കുന്നതെന്ന് ആരോപണം. മിനി സിവില്‍ സ്റ്റേഷന് മുതല്‍ അബാന്‍ ജംഗ്ഷന് വരെയുള്ള ഭാഗത്താണ് ഇപ്പോള്‍
ഓടകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പഴയ ഓടയുടെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് ശക്തമായ ആഘാതത്തോടെ തല്ലിപ്പൊട്ടിച്ച് നീക്കം ചെയ്യുന്നതുമൂലം സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ ശക്തമായ ചലനം ഉണ്ടാകുന്നുണ്ട്. ജനങ്ങളുടെയും വ്യാപാരികളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് നിർമാണമെന്നാണ് പരാതി. അശ്രദ്ധയോടെയുള്ള നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഫലമായി അബാന്‍ ജംഗ്ഷനിലെ റിലയന്‍സ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ സംഭവമുണ്ടായി. ആളൊഴിഞ്ഞ സമയത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കെട്ടിടത്തിന്റെ മുകള്ഭാഗങ്ങളില്നിന്ന് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീണ് വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതുമൂലം നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയും സാമ്പത്തികനഷ്ടം നേരിടേണ്ട സാഹചര്യം സംജാതമാകുകയും ചെയ്തു.
നിർമാണപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിലാണോ നടക്കുന്നതെന്ന് വിദഗ്ധ പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നു. മഴ ശക്തമായതോടെ ചെളിവെള്ളവും മലിനജലവും റോഡിലൂടെയാണ് ഒഴുകുന്നത്. പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്.