നേരേകടവ് ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമാണം ആരംഭിച്ചപ്പോൾ.
ഉദയനാപുരം: വൈക്കം-പൂത്തോട്ട പ്രധാന റോഡിൽ ഉദയനാപുരം നേരേകടവ് ജംഗ്ഷൻ മുതൽ നാനാടം പിതൃകുന്നം ക്ഷേത്രത്തിന് മുൻവശംവരെയുള്ള അര കിലോമീറ്റർ ദൂരം ഓട നിർമിക്കുന്നതിന് തുടക്കമായി.
ഉദയനാപുരം നേരേകടവ് ജംഗ്ഷൻ മുതൽ പിതൃകുന്നം വരെയുള്ള 500 മീറ്റർ ദൂരത്തിൽ പിതൃകുന്നം ക്ഷേത്രത്തിന് മുൻവശം, ഉദയനാപുരം സർവീസ് സഹകരണ ബാങ്കിന് സമീപം, നേരേകടവ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് 45 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് വിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനി യർ നജുമുദ്ദീൻ പറഞ്ഞു.
നേരേകടവ്-മാക്കേക്കടവ് പാലം ഒക്ടോബറിൽ നാടിന് സമർപ്പിക്കുന്നതിനാൽ കുണ്ടുംകുഴിയുമായ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് മുമ്പ് ഓടയുടെ നിർമാണം പൂർത്തിയാക്കാൻ ദ്രുതഗതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ റോഡ് തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമായതിനാൽ 11 മീറ്റർ വീതിയിൽ പുനർനിർമിക്കേണ്ടതാണ്. റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ചശേഷം വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കുന്നതിന് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കുറ്റമറ്റ ഓട നിർമിക്കുകയാണെന്ന് പിഡബ്ല്യുഡി അധികൃതർ പറഞ്ഞു.
Tags : District News Nattuvishesham Drain construction waterlogging Nerekadavu Junction