Kerala
കൊച്ചി: മഴക്കാലത്ത് നഗരത്തിലെ തോടുകളുടെയും കനാലുകളുടെയും ശുചീകരണവും വെള്ളക്കെട്ട് നിവാരണ നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടറുടെ മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി.
ആവശ്യമായ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി അടുത്ത വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം. പ്രവൃത്തികളുടെ പുരോഗതിയും ഭാവിയും പ്രശ്നങ്ങളും അവ നേരിടുന്നതുമടക്കം കാര്യങ്ങള്‍ ചര്‍ച്ച നടത്തി വേണം റിപ്പോര്‍ട്ട് നല്‍കാനെന്നും കോടതി നിര്‍ദേശിച്ചു.
റോഡില്‍ വലിയ ഗര്ത്തങ്ങളുണ്ടാകാതിരിക്കാന് അധികൃതര്‍ ജാഗ്രത പുലര്‍ത്തണം. അപകട മരണങ്ങളും പരിക്കുകളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളുടെയും കനാലുകളുടെയും ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ടെന്നും കനാലുകളുടെ ശുചീകരണം സമ്പൂര്ണമായിട്ടില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. കനാലുകളിലെ റെയില്‍വേ കള്വര്ട്ടുകള്ക്ക് കീഴെ അടിയുന്ന അവശിഷ്ടങ്ങള്‍ നീക്കിയിട്ടുണ്ടെന്ന് റെയില്‍വേയും കോര്‍പറേഷനും കോടതിയെ അറിയിച്ചു.
എന്നാല്‍, കള്വര്ട്ടുകള്ക്ക് സമീപം ദ്രവിക്കാത്ത വലകള്‍ സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു.
District News
മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ മുണ്ടക്കയത്തിനും പറത്താനത്തിനുമിടയിൽ വെള്ളക്കെട്ട് രൂക്ഷം. റോഡിന്റെ വശങ്ങളിലെ ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിനിടയാക്കിയിരിക്കുന്നത്.
മുണ്ടക്കയത്തിനും പറത്താനത്തിനുമിടയിൽ റോഡിന്റെ വശങ്ങളിൽ പലയിടത്തും വലിയ കാടുപടലങ്ങൾ വളർന്നുനിൽക്കുന്ന സാഹചര്യവുമുണ്ട്. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി റോഡിന്റെ ടാറിംഗ് ഇളകിയ അവസ്ഥയിലാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് സംസ്ഥാനപാതയുടെ ഭാഗമായ പൂഞ്ഞാർ-എരുമേലി റോഡ് ആധുനിക നിലവാരത്തിൽ നിർമാണം നടത്തിയിരുന്നു.
എന്നാൽ, വെള്ളമൊഴുക്കുള്ള പല സ്ഥലങ്ങളിലും ആവശ്യത്തിന് ഓടകൾ നിർമിക്കാത്തതുമൂലം മഴക്കാലത്ത് റോഡിലൂടെ വലിയ വെള്ളമൊഴുക്കാണ് ഉണ്ടാകുന്നത്.
റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കാൽനട യാത്ര തീർത്തും അസാധ്യമായ സാഹചര്യമാണ്. റോഡിലൂടെ വെള്ളമൊഴുകുന്നതുകൊണ്ട് വാഹന യാത്ര പോലും ഈ റോഡിലൂടെ ദുഷ്കരമാണ്.
ശക്തമായ മഴയ്ക്കൊപ്പം രാത്രികാലങ്ങളിൽ മൂടൽമഞ്ഞുകൂടി ഇറങ്ങുന്നതോടെ പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാകും.
റോഡിലൂടെയുള്ള യാത്ര സുഗമമാക്കാൻ വശങ്ങളിൽ ഓടകൾ നിർമിക്കുകയും വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ വെട്ടി നീക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുക
യാണ്.
District News
തൊടുപുഴ: മഴ ശക്തമായതോടെ തൊടുപുഴ നഗരത്തില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നു. ജലവിതരണ പൈപ്പുകള്‍ പൊട്ടിയുണ്ടായ ചെറിയ കുഴികളാണ് ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങളായി മാറിയിരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ പല ഭാഗത്തും വെള്ളക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
റോഡ് തകര്‍ന്നിട്ടും സമയബന്ധിതമായി ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായത്. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുന്നതോടെ റോഡിലെ കുഴികളുടെ വ്യാപ്തി കൂടാനും സാധ്യതയുണ്ട്.
കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ് റോഡില്‍ എവര്‍ഷൈന്‍ ജംഗ്ഷനില്‍ ബസ്സ്റ്റോപ്പിനു സമീപമാണ് റോഡ് തകര്‍ന്നിരിക്കുന്നത്. ഇവിടെ നേരത്തേ ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് റോഡ് കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
കുഴി മൂടിയെങ്കിലും റോഡ് വീണ്ടും തകര്‍ന്ന് കുഴി രൂപപ്പെടുകയായിരുന്നു. കുഴിയില്‍ വെള്ളം കെട്ടിക്കിടന്നതുമൂലം ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലും പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിട്ടുണ്ട്. അടുത്ത നാളിലാണ് ടാറിംഗ് പൊളിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങിയത്. ഓരോ ദിവസവും കുഴിയുടെ വ്യാപ്തി കൂടിവരികയാണ്. കുഴി വലുതാകുന്നതിനു മുമ്പ് ഇവിടെ അറ്റകുറ്റപ്പണി നടത്താന്‍ വാട്ടര്‍ അഥോറിറ്റിയോ പിഡബ്ല്യുഡിയോ തയാറായിട്ടില്ല.
ഇതിനു പുറമേ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനു സമീപത്തും റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. മഴക്കാലത്തിനു മുമ്പ് നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ യാത്രക്കാര്‍ ദുരിതത്തിലാകുമെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടി.
District News
ചാത്തന്നൂര്‍: ചെറിയ മഴ പോലും ചാത്തന്നൂരിലെ സര്‍വീസ് റോഡിനെ വെള്ളത്തിനടിയിലാക്കുന്ന അവസ്ഥ തുടരുമ്പോള്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഇരുട്ടില്‍ തപ്പുന്നു. ജംഗ്ഷനില്‍ വെള്ളക്കെട്ട് സ്ഥിരം കാഴ്ചയായി മാറുകയാണ്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാള് മുതല്‍ ചാത്തന്നൂരിലെ ജനങ്ങളും വ്യാപാരികളും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ഇന്നലെ പകല്‍ ഉണ്ടായ ശക്തമായ മഴയില്‍ കടകളിലും വീടുകളിലും വെള്ളം കയറി. സര്‍വീസ് റോഡില്‍ വെള്ളം ഒരടിയിലേറെ ഉയരത്തില്‍ പൊങ്ങി. വാഹന യാത്ര ദുരിതത്തിലായി. ഊറാംവിള ജംഗ്ഷനില്‍ ഒരു വീടിന്റെ കട്ടിലില്‍ വെള്ളം കയറി. രണ്ടു ദിവസം മുമ്പ് രാത്രി പെയ്ത മഴയില്‍ കടകളില്‍ വെള്ളം കയറി ഫര്‍ണിച്ചറുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച പകല്‍ പെയ്ത മഴയിലും അതേ അവസ്ഥയായിരുന്നു. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
ചാത്തന്നൂര്‍ വികസന സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ദേശീയപാത അഥോറിറ്റിയുടെ നിര്‍ദേശാനുസരണം കരാര്‍ കമ്പനി പ്രതിനിധികള്‍ ചാത്തന്നൂരിലെത്തി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
പക്ഷേ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കരാര്‍ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്നലെ ഉണ്ടായ മഴയിലും ശക്തമായ വെള്ളക്കെട്ട് ചാത്തന്നൂരില്‍ ഉണ്ടായി.
റോഡിന്റെ ഇരുഭാഗത്തുമുള്ള നിരവധി സ്ഥാപനങ്ങളില്‍ വെള്ളം കയറി.
പുതിയ ദേശീയപാതയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ഇടറോഡുകളില്‍ നിന്നു വരുന്ന വെള്ളവും സര്‍വീസ് റോഡിലേക്കാണ് വന്ന് ചേരുന്നത്. ഇത് ചാത്തന്നൂരില്‍ പ്രളയ സമാനമായ അവസ്ഥ സൃഷ്ടിക്കുകയാണ്.
കൊല്ലം തിരുവനന്തപുരം ഭാഗത്തേക്കുള്ള ഫുട്പാത്ത് നിര്‍മാണത്തിന് വേണ്ടി ഡ്രയിനേജിനോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ കുഴിച്ചിട്ടിട്ട് മാസങ്ങള്‍ ഏറെയായി. ഒരു തുടര്‍നടപടിയും കരാര്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് വെള്ളക്കെട്ടിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. ഡ്രയിനേജിന്റെ മുകളിലെ ചെറിയ സുഷിരങ്ങള്‍ തുറക്കുകയും ഗ്രേറ്റിംഗ്സ് സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനം മാത്രമാണ് കരാര്‍ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് മാത്രം ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. ഇടറോഡുകളില്‍ ഓടകള്‍ നിര്‍മിച്ച് മഴവെള്ളത്തെ പ്രധാന ഡ്രയിനേജിലേക്ക് എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അഥോറിറ്റി പണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂരിലെ ഇടറോഡുകളില്‍ ഓടകള്‍ നിര്‍മിച്ച് പ്രധാന ഡ്രയിനേജിലേക്ക് വെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ചാത്തന്നൂര്‍ പഞ്ചായത്തുതലത്തില്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.
ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തി. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് വികസന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
ചാത്തന്നൂര്‍: ചാത്തന്നൂര്‍ സര്‍വീസ് റോഡിലെ വെള്ളക്കെട്ടില്‍ നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും റോഡ് നിര്‍മാണം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനും ദേശീയപാത അഥോറിറ്റി ഇടപെടണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
മഴക്കെടുതിയില്‍ നിരവധി വ്യാപാന സ്ഥാപനങ്ങളില്‍ വെള്ളം കയറി 40 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്.അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കുണ്ട്. വില്ലേജ് ഓഫീസ് നഷ്ടം കണക്കാക്കി നല്കാന് തയറാകുന്നില്ല.
ഊറാംവിള ഗുഡ്മോര്‍ണിംഗ്, ചാത്തന്നൂര്‍ പ്രിന്‍സ് ഡ്രൈവിംഗ് സ്കൂള്‍ സമുച്ചയം ഐക്കര മൊബൈല്‍സ്, ആവണി ജ്വല്ലേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നഷ്ടം സംഭവിച്ചത്.
അടിയന്തരമായി ഇടപെടണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതി അംഗം കെ.കെ. നിസാര്‍, ഏരിയ ഭാരവാഹികളായ ജയചന്ദ്രന്, രാജേഷ് ജയപ്രകാശ്, ബിനു, അജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
National
ബംഗളൂരു: ബംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
മജസ്റ്റിക്, ശിവാജിനഗർ, കെ.ആർ. മാർക്കറ്റ്, വസന്ത് നഗർ, തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.
ഹുബ്ബുള്ളി, ധാർവാഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കുടിയ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതായി പ്രദേശവാദികൾ പറഞ്ഞു.
District News
ചിറ്റൂർ: താലൂക്കിൽ തുടർമഴയും സംഭരണനടപടികൾ ഉണ്ടാവാത്തതും കർഷകർക്ക് ദുരിതമാവുന്നു.
താലൂക്കിൽ കൊയ്ത പാടങ്ങളേക്കാൾ കൊയ്യാനുള്ള പാടങ്ങളാണ് കൂടുതലുള്ളത്. മഴയിൽ വീണുകിടക്കുന്ന നെൽച്ചെടികൾ വെള്ളം വാർന്നുപോവാതെ കൊയ്യാൻ കഴിയുകയില്ല. ഇത്തരം വയലുകളിൽ യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതും ഗുണകരമാവുന്നില്ല.
പകുതിയിൽ കൂടുതൽ നെല്ല് കൊഴിഞ്ഞുപോവുന്നതിനു പുറമെ കൊയ്ത്തിന് വയലിൽ നനവ് കാരണം കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ വാടക ഇരട്ടിയായി നൽകേണ്ടതായി വരുന്നു. കൊയ്ത്തിനു തൊഴിലാളിക്ഷാമം കാരണം തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതിനും ചെലവേറുകയാണ്.
കൊയ്തെടുത്ത നെല്ല് സംഭരണം നീളുന്നതുമൂലം വിൽക്കാൻ കഴിയാത്ത സ്ഥിതിയും ദുരിതം സൃഷ്ടിക്കുന്നതായി അയ്യപ്പൻകാവ് പാടശേഖര സമിതി സെക്രട്ടറി ഭാസ്ക്കരൻ അറിയിച്ചു.
District News
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.
നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.