ഏഴംകുളം പഞ്ചായത്തിന്റെ അറുകാലിക്കൽ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട്
അടൂർ: മഴക്കാലമായാൽ ഏഴംകുളം പഞ്ചായത്തിന്റെ അറുകാലിക്കൽ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് കാരണം മഴക്കാലത്ത് കളികൾ നടത്തുക ബുദ്ധിമുട്ടാണ്. സ്റ്റേഡിയം നവീകരിക്കണമെന്നത് വർഷങ്ങളായി പ്രദേശവാസികളുടെ ആവശ്യമാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ബജറ്റിൽ 50 ലക്ഷം രൂപ സ്റ്റേഡിയം നവീകരണത്തിന് വകയിരുത്തിയിരുന്നിരുന്നു. പക്ഷേ പ്രവർത്തനങ്ങളൊന്നും നടന്നില്ല. പുതിയ ഭരണസമിതി സ്റ്റേഡിയം നവീകരണം പരിഗണിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല. നിലവിൽ സ്റ്റേഡിയത്തിന്റെ വശങ്ങളിൽ കാട് കയറിയിട്ടുണ്ട്.
മൈതാനത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. സ്റ്റേഡിയം നവീകരിച്ചാൽ പഞ്ചായത്തിലെ കായിക മേഖലയ്ക്ക് ഏറെ ഗുണകരമാവും. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളൊക്കെ നടത്താൻ സ്ഥല സൗകര്യമുള്ള മൈതാനമാണ്.