കനത്ത മഴയിൽ തിരുവന്പാടി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയ നിലയിൽ.
തിരുവമ്പാടി: ശക്തമായ മഴ പെയ്യുമ്പോൾ വെള്ളക്കെട്ടിലമരുന്ന തിരുവമ്പാടി അങ്ങാടിയുടെ ദുരിതത്തിന് വർഷങ്ങളായിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ വാഹനഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി. നിരവധി വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകളിലേക്കും വെള്ളം ഇരച്ചുകയറി.
നാലു ദിക്കുകളിലുമുള്ള കുന്നിൻ പ്രദേശങ്ങളിൽനിന്ന് മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതിനു പുറമേ കക്കുണ്ട് തോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള വെള്ളവും അങ്ങാടിയിലേക്കാണ് ഒഴുകിയെത്തുന്നത്.
അങ്ങാടിയുടെ പരിസരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സമീപപ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ വെള്ളം ടൗണിൽ തളംകെട്ടുന്ന സ്ഥിതിയാണ്. വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രശ്നം രൂക്ഷമാക്കുന്നു.
അഴുക്കുചാലുകൾ നവീകരിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല.
ആവശ്യമായ നിർമാണപ്രവൃത്തികൾക്ക് വലിയ സാമ്പത്തികബാധ്യതയുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കൈതപ്പൊയിൽ - അഗസ്ത്യൻമൂഴി റോഡ് നിർമാണത്തിന്റെ ഭാഗമായി അടുത്തിടെ നിർമിച്ച അഴുക്കു ചാലുകൾക്കും വലിയ തോതിൽ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്നില്ല.
പലയിടങ്ങളിലും അഴുക്കുചാലുകൾക്കു മുകളിലെ പൈപ്പ് ഗ്രില്ലുകളിലൂടെയടക്കം വെള്ളം പുറത്തേക്കൊഴുകുന്ന സ്ഥിതിയുണ്ട്. ഓരോ മഴക്കാലത്തും ആവർത്തിക്കുന്ന വെള്ളക്കെട്ടിന് താൽക്കാലിക നടപടികൾക്കപ്പുറം ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.