തുപ്പനാട് മീൻവല്ലം റോഡിലെ അഴുക്കുചാൽ.
കല്ലടിക്കോട്: തുപ്പനാട് മീൻവല്ലം റോഡിലെ അഴുക്കുചാൽ നിർമാണം സമീപവാസികൾക്കു ഭീഷണിയായി. റോഡിനോടുചേർന്ന ഭാഗംകോൺക്രീറ്റ് ചെയ്യാൻ അഴത്തിൽ കുഴിയെടുത്തപ്പോൽ റോഡിനോടു ചേർന്നുള്ള കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപംകെട്ടിയ കല്ലുകളുംമണ്ണും ഇളകി താഴേയ്ക്കു പതിക്കാൻ തുടങ്ങിയതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയത്.
ചെമ്പൻതിട്ട മത്തായി യോഹന്നന്റെ മതിലാണ് ഇടിഞ്ഞുവീഴൽ ഭീഷണിയിലുള്ളത്. നിർമാണത്തിലെ അപാകതയാണ് ഈ പ്രതിസന്ധിക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. ചെമ്പൻതിട്ട മുതൽ മൂന്നേക്കർ സിറ്റിവരെയുള്ള പലഭാഗങ്ങളിൽ ഇതാണവസ്ഥ.
മഴ ശക്തമാകുന്നതോടെ മതിലും മൺതിട്ടകളും റോഡിലേയ്ക്ക് പതിക്കുമെന്ന ആശങ്കയിലാണു ജനങ്ങൾ. വൈദ്യുതിക്കാലുകൾ നിലനിർത്തികൊണ്ടാണ് ചാലുകൾ കീറിയിട്ടുള്ളത്. പലഭാഗത്തും മണ്ണും ചപ്പുചവറുകളുംനിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. ചാലിന്റെ ഇരുഭാഗവുംകോൺക്രീറ്റ് ചെയ്ത് മതിലുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.