വെണ്ടാര്‍ അരീക്കല്‍ ഭാഗത്ത് നിർമാണം പൂർത്തിയായ കലുങ്ക്.
കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെണ്ടാര്‍ അരീക്കല്‍ ഭാഗം കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുമ്പോഴും റോഡ് ഗതാഗതം പുനരാരംഭിച്ചില്ല. ഇരുചക്ര വാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ പറ്റാത്ത വിധം റോഡ് അടച്ചിരിക്കുകയാണ്. കാല്‍നട യാത്രയും പ്രയാസകരം.
കഴിഞ്ഞ ടേമില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന വി.സുമാലാല്‍ മുന്‍കൈയെടുത്താണ് അരീക്കല്‍ ഭാഗം കലുങ്ക് പുനര്‍ നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ അനുവദിച്ചത്. സാധാരണ കലുങ്കിനേക്കാള് വീതിയുള്ളതിനാല്‍ ചെറിയ പാലം എന്ന നിലയിലാണ് നിര്‍മിച്ചത്. ഇവിടുത്തെ കലുങ്ക് തീര്‍ത്തും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലായിരുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കലുങ്കിന്റെ അടിസ്ഥാനം ഉള്‍പ്പടെ തകര്‍ന്നിരുന്നു. നിര്‍മാണം തുടങ്ങിയപ്പോള്‍ നാടിന് വലിയ സന്തോഷമായിരുന്നു. പഴയ കലുങ്ക് പൂര്‍ണമായും പൊളിച്ച് മാറ്റിയാണ് പുതിയത് നിര്‍മിച്ചത്. റോഡിന്റെ സംരക്ഷണ ഭിത്തിയും നിര്‍മിച്ച് കൈവരികളുമൊരുക്കി.
എന്നാല്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തില്ല. മാസങ്ങളായി തുടരുന്ന ഗതാഗത തടസത്തില്‍ നാട്ടുകാര്‍ തീര്‍ത്തും ബുദ്ധിമുട്ടുകയാണ്. കലുങ്ക് പൂര്‍ത്തിയായെങ്കിലും റോഡിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ യാത്രാ ദുരിതമേറിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ കെ.എന്‍. ബാലഗോപാല്‍ അരീക്കല്‍ ഭാഗം റോഡിന്റെ നവീകരണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ ഇഴയുകയാണ്.
കൊട്ടാരക്കര- പുത്തൂര്‍ റോഡില്‍ നിന്നാണ് അരീക്കല്‍ ഭാഗം റോഡ് തുടങ്ങുന്നത്. അരീക്കല്‍ ഭാഗം ശ്രീവിദ്യാധിരാജ എല്‍പി സ്കൂളും ഈ റോഡരികിലാണ്.
Tags : District News Nattuvishesham Vendar Areekkal Culvert construction