International
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ആഗോളതലത്തിൽ പല വന്പന്മാരും പ്രതിക്കൂട്ടിലാകുന്നു! അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിനു പേജുകൾ വരുന്ന പുതിയ എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളും നിരവധി രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടതായാണ് സൂചന. 30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോ എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന പുതിയ രേഖകൾ. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമത്തെത്തുടർന്നാണ് രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ, പല നിർണായക വിവരങ്ങളും ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആരോപിക്കുന്നു.
ഫയലുകളിലെ പ്രമുഖർ
പുറത്തുവന്ന രേഖകളിൽ പേരുള്ള പലരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നതിന് തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്ക് - എപ്സ്റ്റീനുമായി മസ്ക് നടത്തിയ ഇ മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വീപിലെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇമെയിലിലുണ്ട്. എന്നാൽ, താൻ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് മസ്കിന്റെ പ്രതികരണം.
പ്രതിക്കൂട്ടിലായ വമ്പൻമാർ
ബിൽ ഗേറ്റ്സ് - ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശങ്ങൾ എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ഇമെയിലുകളിലുണ്ട്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആരോഗ്യപ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ എപ്സ്റ്റീൻ സഹായിച്ചതായി ഇമെയിലുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് എപ്സ്റ്റീന്റെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നു ഗേറ്റ്സിന്റെ വക്താവ് അറിയിച്ചു.
ഡോണൾഡ് ട്രംപ് - ട്രംപിനെതിരേ എഫ്ബിഐക്കു ലഭിച്ച നിരവധി പരാതികൾ ഫയലിലുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും തെളിവുകളില്ലാത്ത വെറും ആരോപണങ്ങളാണെന്നാണ് റിപ്പോർട്ട്. താൻ വർഷങ്ങൾക്ക് മുമ്പേ എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നു ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ എതിർകക്ഷികൾ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
ആൻഡ്രു രാജകുമാരൻ (ബ്രിട്ടൻ) - ആൻഡ്രു രാജകുമാരൻ വിവിധ യുവതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫയലിലുണ്ട്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
റിച്ചാർഡ് ബ്രാൻസൺ- വിർജിൻ ഗ്രൂപ്പ് തലവൻ ബ്രാൻസണും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അതേസമയം, എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ബന്ധം അവസാനിപ്പിച്ചതായി ബ്രാൻസൺ വിശദീകരിക്കുന്നു.
സ്റ്റീവ് ബാനൻ - ട്രംപിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ, എപ്സ്റ്റീന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രതിരോധിക്കാനും അദ്ദേഹത്തെ ഒരു ജീവകാരുണ്യ പ്രവർത്തകനായി ചിത്രീകരിക്കാനും ബാനൻ തന്ത്രങ്ങൾ മെനഞ്ഞതായി ഇമെയിലുകൾ വ്യക്തമാക്കുന്നു.
ഹോവാർഡ് ലുട്നിക് - യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും കുടുംബവും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇമെയിലുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ഭാര്യയുടെ സാന്നിധ്യത്തിൽ മാത്രമാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ലാറി സമ്മേഴ്സ് - മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാർഡ് സർവകലാശാല മുൻ പ്രസിഡന്റുമായ ലാറി സമ്മേഴ്സ്, എപ്സ്റ്റീനുമായി നടത്തിയ നിരന്തര സമ്പർക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പൺ എഐ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽനിന്നു രാജിവച്ചു.
സ്റ്റീവ് ടിഷ് - ന്യൂയോർക്ക് ജയന്റ്സ് സഹ ഉടമയായ സ്റ്റീവ് ടിഷ്, എപ്സ്റ്റീന്റെ വീട്ടിൽ വച്ചു കണ്ട സ്ത്രീകളെക്കുറിച്ച് അന്വേഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സ്ത്രീകൾ -പ്രഫഷണലുകൾ- ആണോ എന്ന് ടിഷ് ചോദിച്ചതായും രേഖകളിലുണ്ട്.
ബ്രെറ്റ് രത്നർ - പ്രശസ്ത ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് രത്നർ എപ്സ്റ്റീനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും ഫയലിലുണ്ട്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
മറ്റു പ്രധാന വ്യക്തികൾ
മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മാൻഡൽസൺ, മുൻ സ്ളൊവാക്യൻ വിദേശകാര്യമന്ത്രി മിറോസ്ളോവ് ലജ്കാക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക് എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് മിറോസ്ളോവ് ലജ്കാക് തന്റെ പദവിയിൽ നിന്ന് രാജിവച്ചു. മാൻഡൽസണും ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, പ്രശസ്ത ഇൻഫ്ലുവൻസർ പീറ്റർ അറ്റിയ എന്നിവരും എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ സഹായി ഘിസ്ലെയ്ൻ മാക്സ്വെല്ലുമായോ ബന്ധം പുലർത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്സ്റ്റീന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
നീതിക്കായുള്ള പോരാട്ടം
എപ്സ്റ്റീന്റെ ഇരകളായ പെൺകുട്ടികൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ഇമെയിലുകളും ചിത്രങ്ങളും വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ ജീവനൊടുക്കിയത്. എങ്കിലും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയ്ൻ മാക്സ്വെൽ നിലവിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
International
ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ ലോകസമ്പന്നൻ എലോൺ മസ്കിന്റെ പേര് ആയിരത്തിലധികം തവണ പരാമർശിക്കപ്പെടുന്നു. എപ്സ്റ്റൈന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കുന്നതിനായി 2012-ലും 2013-ലും മസ്ക് ഇമെയിൽ അയച്ചതായാണ് വെളിപ്പെടുത്തൽ.
"ഞാനും താലുലയും (മസ്കിന്റെ മുൻഭാര്യ താലുല റൈലി) മാത്രമായിരിക്കും വരിക. നിങ്ങളുടെ ദ്വീപിലെ ഏറ്റവും മികച്ച പാർട്ടി ഏത് ദിവസമാണ് നടക്കുക?" എന്ന് മസ്ക് ഇമെയിലിൽ ചോദിച്ചതായി രേഖകൾ പറയുന്നു. ദ്വീപിലെ സ്ത്രീ-പുരുഷ അനുപാതം താലുലയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം എന്ന് എപ്സ്റ്റൈൻ മറുപടി നൽകി. എന്നാൽ അത് അവൾക്ക് പ്രശ്നമാകില്ലെന്ന് മസ്ക് തിരിച്ചു പ്രതികരിച്ചതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ മസ്കിന് അന്ന് ആ ദ്വീപ് സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചന. അതേസമയം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിലൂടെ' മസ്ക് ഈ ആരോപണങ്ങൾ നിഷേധിച്ചു. എപ്സ്റ്റൈനുമായി തനിക്ക് വളരെ കുറഞ്ഞ ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്നും, അദ്ദേഹത്തിന്റെ ദ്വീപ് സന്ദർശിക്കാനോ 'ലോലിത എക്സ്പ്രസ്' എന്ന വിമാനത്തിൽ യാത്ര ചെയ്യാനോ ഉള്ള ക്ഷണം താൻ പലതവണ നിരസിച്ചിട്ടുണ്ടെന്നും മസ്ക് വ്യക്തമാക്കി.
National
ന്യൂഡൽഹി: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017-ലെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് പരാമർശമുണ്ടെന്ന വാർത്തകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ പരാമർശങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും ഒരു ക്രിമിനലിന്റെ വെറും "പാഴ്ജൽപനങ്ങൾ" മാത്രമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന എപ്സ്റ്റൈൻ ഫയലുകളിലെ ഒരു ഇമെയിൽ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പേരും സന്ദർശനവും പരാമർശിക്കപ്പെട്ടിരിക്കുന്നത്.
"2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ഇമെയിലിൽ പറയുന്ന മറ്റ് കാര്യങ്ങളെല്ലാം ഒരു കുറ്റവാളിയുടെ വെറും ജല്പനങ്ങൾ മാത്രമാണ്. അങ്ങേയറ്റം പുച്ഛത്തോടെ മാത്രമേ ഇതിനെ കാണാനാകൂ," എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വച്ചാണ് ജെഫ്രി എപ്സ്റ്റൈൻ ആത്മഹത്യ ചെയ്തത്. എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം രേഖകളാണ് അമേരിക്കൻ ഗവൺമെന്റ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.
ഇതിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായ ഭാഷയിലാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്.
International
വാഷിംഗ്ടൺ: യുഎസ് രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനായി വോട്ട് ചെയ്യണമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രവിജയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ കൊണ്ടുവന്നതാണിതെന്നും തങ്ങൾക്ക് ഒളിക്കാനൊന്നുമില്ലെന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടെന്ന തരത്തിൽ ചില ഇ-മെയിലുകൾ പുറത്തുവന്നിരുന്നു. ഫയലുകളെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിൽ വളരെ വലിയ സംഘട്ടനമാണ് നടന്നത്. ഇവ പുറത്തുവിടണമെന്നു വാദിക്കുന്നവർക്ക് ആവശ്യത്തിലേറെ പിന്തുണയുണ്ടെന്നതിന്റെ സൂചനയാണു ട്രംപിന്റെ അപൂർവമായ പിന്മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.
രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ട്രംപ് ഏതെങ്കിലും വിഷയത്തിൽ ഇത്തരത്തിൽ പിന്നോട്ടുമാറുന്നത്. ജയിലിൽ ച്ച് ജെഫ്രി എപ്സ്റ്റീൻ മരിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിലെ നിർണായക വിവരങ്ങൾ പുറത്തുവിടാൻ ഈ ബിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെ നിർബന്ധിതരാക്കുമെന്നാണ് കരുതപ്പെടുന്നത്.