തിരുവനന്തപുരം: എഫ്സിആർഎ ഭേദഗതിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
കേന്ദ്ര സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണം. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
ഇത്തരം സാഹചര്യങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന അഥോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകുമെന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ പരിഹരിക്കാൻ 2010 ലെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം പര്യാപ്തമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ മുന്നോട്ട് വെച്ച ആശങ്കകൾ ദൂരീകരിച്ചശേഷമേ ബില്ലിന്റെ തുടർനടപടി സ്വീകരിക്കാവൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.