ന്യൂഡൽഹി: ഫുക്കറ്റ് - ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ ആകാശച്ചുഴിയല്ലെന്ന് കണ്ടെത്തൽ.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ താത്കാലിക തകരാർ മൂലമാണ് 300 അടി താഴേക്ക് പതിച്ചതെന്ന് വിമാന നിർമാതാക്കളായ എയർബസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റിക്കാർഡർ വിശകലനം ചെയ്ത ശേഷമാണ് നിഗമനം.
ഈ മാസമാദ്യം തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കു വന്ന എയർബസിന്റെ എ320 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും സെക്കൻഡുകളുടെ വ്യത്യാസത്തിൽ പ്രവർത്തനരഹിതമായി എന്നാണ് കണ്ടെത്തൽ. ഇതോടെ നാല് സെക്കൻഡോളം എലിവേറ്ററുകളുടെയും എയിലറോണുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു.