റാന്നി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനങ്ങൾ കേരളത്തിലെ മലയോര കർഷകരിൽ ഉണ്ടായിട്ടുള്ള ആശങ്കകൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ഹരിത സംരക്ഷണ സമിതി. വർഷങ്ങളായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുകളും കൃഷിസ്ഥലങ്ങളും യാഥാർഥ്യങ്ങൾ അവഗണിച്ച് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നത് സാധാരണക്കാരായ കർഷകരുടെ ജീവനോപാധിയെ സാരമായി ബാധിക്കും.
കൃഷിയിടങ്ങളെയും കർഷകരുടെ ഭൂമിയെയും പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽനിന്നും പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരിത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചെറിയ തോതിൽ കൃഷി ചെയ്തു ജീവിക്കുന്ന ചെറുകിട കർരെയും കോടികൾ വിലമതിക്കുന്ന തോട്ടങ്ങളും റിസോർട്ടുകളും നടത്തുന്ന വലിയകിട കൈയേറ്റക്കാരെയും ഖനന ലോബികളെയും ഒരേ കണ്ണോടെ കാണുന്ന സമീപനം തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർട്ടൂണിസ്റ്റ് ഷാജി മാത്യു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കൺവീനർ സജി ഇടികുള അധ്യക്ഷത വഹിച്ചു സെക്രട്ടറി റെജി പ്ലാന്തോട്ടത്തിൽ, ഷാജി തേക്കാട്ടിൽ , സിബി ജേക്കബ് തോമസ്, ബോബി കാക്കാനപ്പള്ളി, ജേക്കബ് മാത്യു, വിനോദ് കൊല്ലമുള, ജയ്സൺ പെരുനാട്, ബിനോജി മന്ദമരുതി എന്നിവർ പ്രസംഗിച്ചു.