District News
കാസര്ഗോഡ്: 2026-27 വര്ഷത്തിലെ മെഡിക്കല്, എന്ജിനിയറിംഗ് എന്ട്രന്സ് പരീക്ഷ പരിശീലനത്തിന് ആറുമാസത്തില് കുറയാത്ത കാലയളവില് പങ്കെടുത്തു പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ ആശ്രിതര്ക്ക് എന്ട്രന്സ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വരുമാന പരിധി ഇല്ല, അപേക്ഷകള് സര്വീസ് പ്ലസ് പ്ലാറ്റ്ഫോമില് (serviceonline.gov.in/kerala) അയച്ച് ജൂലൈ 25ന് വൈകുന്നേരം അഞ്ചിനകം ആവശ്യമായ എല്ലാ രേഖകളും ഒറിജിനല് അപ്ലോഡ് ചെയ്തതിന് ശേഷം പ്രിന്റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില് സമര്പ്പിക്കണം. ഫോണ്: 04994256860.
Kerala
തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ആധുനിക സങ്കേതിക വിദ്യയുപയോഗിച്ച് വികസിപ്പിക്കാൻ കൂടുതൽ സാന്പത്തിക സഹായം നൽകാൻ തയാറാണെന്ന് ജർമൻ ബാങ്ക് അധികൃതർ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ജർമൻ ബാങ്ക് ധനസഹായത്തോടെ 2,188 കോടി രൂപയുടെ 17 റോഡ് പദ്ധതികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്.
വികസന സാധ്യതയുള്ള നഗര റോഡുകളും മറ്റ് റോഡ് വികസന പദ്ധതികളും മന്ത്രി ബഷീർ ജർമൻ ബാങ്ക് അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. ജർമൻ ബാങ്കിന്റെ സഹായത്തോടെ വികസിപ്പിച്ച സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതാണെന്നും കൂടുതൽ സാന്പത്തിക സഹായത്തിനുള്ള സാധ്യതകൾ ഉണ്ടെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു.
നിലവിൽ ബാങ്കിന്റെ സഹായത്തോടെ വികസന പ്രവർത്തികൾ നടക്കുന്ന റോഡുകൾ ബാങ്ക് പ്രതിനിധികൾ പരിശോധന നടത്തി. പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു,കെ. എസ്.ടി.പി.പ്രൊജക്റ്റ് ഡയറക്ടർ, ധന്യ സുരേഷ് ഐ എ എസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരിൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും.
ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് സഹായധനം അനുവദിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.
ഇന്ഷ്വറന്സ് പരിരക്ഷയ്ക്ക് പുറമെ ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില് ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സാന്പത്തികസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതവും പരിക്കേറ്റവർക്ക് 25,000 രൂപ വീതവും അടിയന്തരസഹായമായി നൽകുമെന്നു മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ അറിയിച്ചു.
പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ മണപ്പുറം ഫിനാൻസ് പ്രതിജ്ഞാബദ്ധമാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ ആശ്രിതർക്ക് കല്യാണ് ജ്വല്ലേഴ്സിന്റെ അഞ്ചുലക്ഷം രൂപ
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഞ്ചു ലക്ഷം രൂപ വീതം സാന്പത്തികസഹായം പ്രഖ്യാപിച്ചു.
തൃശൂർക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം വ്യക്തിപരമായ ഒന്നാണെന്നു കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പരസ്പരം താങ്ങായിനിൽക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ ടി.എസ്. കല്യാണരാമൻ അനുശോചനം അറിയിച്ചു.
Kerala
തൃശൂർ: വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് നാല് ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പരിക്കേറ്റവര്ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും രണ്ടുലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും.
പരിക്കേറ്റവര്ക്ക് ആറുമാസത്തേക്കുള്ള സര്ക്കാര്/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്ക്കാര് ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശിപര്ശയുടെ അടിസ്ഥാനത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിക്കും. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില് നിന്നും അനുവദനീയമായ തുക ചികിത്സാ ധനസഹായമായി നല്കും.
ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല് മെഡിക്കല് ബോര്ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില് ശിപാര്ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില് ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിക്കും.
തിരച്ചിലും രക്ഷാപ്രവര്ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില് പൊളിക്കുകയും വയല് നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്വസ്ഥിതിയിലാക്കുന്നതിന് ചെലവാകുന്ന യഥാര്ഥ തുക ജില്ലാ കളക്ടറുടെ ശിപാര്ശയുടെ അടിസ്ഥാനത്തില് ദുരന്തപ്രതികരണ നിധിയില് നിന്നും അനുവദിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള് മറവു ചെയ്യുന്നതിനും ഡിഎന്എ മാച്ചിംഗിനായി സാമ്പിളുകള് ശേഖരിക്കുന്നതിനുമായി സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര് പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്കി.
അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില് നിന്നും ചൊവ്വാഴ്ച അനുവദിച്ച നടപടി സാധൂകരിച്ചു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള് ഈ തുകയില് നിന്നും ചെലവഴിക്കാന് ജില്ലാ കലക്ടര്ക്ക് അനുമതി നല്കി.
സ്ഫോടനം കാരണം സമീപ വീടുകള്ക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്ട്ട് സമര്പ്പിച്ച് എസ്ഡിആര്എഫില് നിന്നും തുക ലഭ്യമാക്കാന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ വാര്ത്താസമ്മേളനത്തില് പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യല് അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റീസ് സി.എന്. രാമചന്ദ്രന് നായര് ഏകാംഗ ജുഡീഷല് കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല.
സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഒൻപത് മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയിൽ എത്തിയത്. അതിൽ ഏഴ് എണ്ണം തിരിച്ചറിഞ്ഞു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് പടക്കനിര്മാണ ശാലയിലെ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. അതേസമയം സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി.
13 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് കുണ്ടന്നൂർ സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയാണ്.
അവിടെ ഫോറൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി.എന്.വാസവനും കെ.രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള് തയാറാക്കുന്ന പുരയിലാണ് സ്ഫോടനമുണ്ടായത്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്ദ്ദേശങ്ങള് മന്ത്രിസഭായോഗം അംഗീകരിച്ചു.
മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്ക്ക് എസ്ഡിആര്എഫില് നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില് നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്ക്ക് എസ്ഡിആര്എഫില് നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.
40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്ക്ക് എസ്ഡിആര്എഫില് നിന്ന് 74,000 രൂപയും വനം വകുപ്പില് നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്ക്ക് 2,50,000 രൂപയും ഒരാഴ്ചയില് കൂടുതല് ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്ക്ക് എസ്ഡിആര്എഫില് നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില് നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില് കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്ക്ക് എസ്ഡിആര്എഫില് നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില് നിന്ന് 94600 രൂപയും അനുവദിക്കും.
Business
തിരുവനന്തപുരം: നെൽകർഷകരുടെ ദുരിതത്തിനു പരിഹാരമായി സഹകരണ മേഖലയിൽ പാലക്കാട് തുടങ്ങിയ പാലക്കാട് പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് (പാപ്കോസ്) നബാർഡിന്റെ ധനസഹായം ലഭിച്ചു.
നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനഫണ്ട് (ആർഐഡി എഫ്) പദ്ധതി പ്രകാരം 71.81 കോടി രൂപയുടെ ധനസഹായമാണ് പാപ്കോസിന് അനുവദിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സർക്കാർ ഗാരന്റിയിലാണ് വായ്പ അനുവദിച്ചത്. പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഓഹരി ഉടമകളായി തുടങ്ങിയ പാപ്കോസിന്റെ പദ്ധതിക്ക് 13.70 കോടി രൂപ ഓഹരിയായി സമാഹരിച്ചിട്ടുണ്ട്. ഇതിനു പുറമേ സർക്കാരിൽ നിന്ന് ഓഹരി മൂലധനമായി ഒരു കോടിയും സബ്സിഡിയായി ഒരു കോടി രൂപയും അനുവദിച്ചിരുന്നു.
District News
ഇരിട്ടി: കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം പുനഃരധിവാസ മേഖലയിൽ കിണർ കുഴിക്കുന്നതിന് പുനരധിവാസ കമ്മീഷൻ പ്രഖ്യാപിച്ച 15,000 രൂപയ്ക്കായി ഉപയോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു. പുനഃരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ കിണർ നിർമാണമാരംഭിച്ചരാണ് രണ്ടു വർഷമായിട്ടും സർക്കാർ പ്രഖ്യാപിച്ച തുകയ്ക്കായി കാത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി തുക അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. കിണർ കുഴിച്ച് വെള്ളം കണ്ടാൽ ഇതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള അപേക്ഷ പ്രമോട്ടർമാർ മുഖേന ടിആർഡിഎമ്മിൽ സമർപ്പിക്കണം. ഇതു പ്രകാരം ആദ്യഗഡുവായ 75000 രൂപ അനുവദിക്കും. കിണറിന് ആൾമറ കെട്ടിയ ശേഷം സമാന രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ രണ്ടാം ഗഡുവായി 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ കിണർ കുഴിച്ച് ആദ്യഗഡുവിനായി അപേക്ഷ നൽകിയിട്ട് രണ്ടു വർഷമായിട്ടും തുക ലഭിച്ചില്ലെന്നാണ് താമസക്കാർ പറയുന്നത്. ആദ്യഗഡു ലഭിച്ച ശേഷം ആൾമറകെട്ടാമെന്ന് കരുതിയവർക്ക് ഇപ്പോൾ വീട്ടുമുറ്റത്തെ കിണർ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ കാട്ടുന്ന നിസംഗതയാണ് ധനസഹായം വൈകാൻ കാരണമെന്ന് താമസക്കാർ പറയുന്നു.
രണ്ടു വർഷമായിട്ടും ആദ്യഗഡുവിനായി കാത്തിരിപ്പ്
ബ്ലോക്ക് 13 ലെ പ്ലോട്ട് നമ്പർ 443 ലെ കെ.കെ. രതീഷ് വീടിനോട് ചേർന്ന് കിണർ നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും സഹായധനത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഏഴു കോൽ ആഴമുള്ള കിണറിന്റെ നിർമാണത്തിന് സഹായധനമായി പ്രഖ്യാപിച്ചതിലും ഏറെ തുക ചെലവായതായും രതീഷ് പറഞ്ഞു. ധനസഹായമായി പ്രഖ്യാപിച്ച് തുക കിണറിന്റെ ആൾമറ കെട്ടാൻ പോലും തികയില്ലെന്നാണ് രതീഷ് പറയുന്നത്.
ബ്ലോക്ക് ഒമ്പതിലെ പ്ലോട്ട് നമ്പർ 659 ലെ ചന്ദ്രന്റെ കുടുംബത്തിനും പറയാനുള്ളത് സമാന കാര്യമാണ്. കൂലി കൊടുത്ത് കിണർ കുഴിപ്പിക്കാനുള്ള സാന്പത്തിക ശേഷി ഇല്ലാത്തതിനാൽ ചന്ദ്രനും കുടുംബവും ചേർന്നാണ് 14 കോൽ ആഴമുള്ള കിണർ സ്വന്തമായി കുഴിക്കുകയായിരുന്നു. വെള്ളം കണ്ടതോടെ പ്രമോട്ടർ മുഖേന അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ആൾമറ കെട്ടാത്തത് കാരണം മഴക്കാലത്ത് വെള്ളം കിണറ്റിലേക്ക് ഒഴുകി വരികയും കിണർ ഇടിയുകയും ചെയ്തു.
വെള്ളം കലങ്ങുന്നതു കാരണം ഉപയോഗിക്കാനും കഴിയുന്നില്ല. വീട്ടിലുള്ള ചെറിയ കുട്ടികൾ പുറത്ത് നിന്ന് കളിക്കുന്പോൾ കിണറിൽ വീഴാനുള്ള അപകട ഭീഷണിയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജോലിക്കു പോലും പോകാതെ കുട്ടികൾക്കു കാവലിരിക്കുകയാണിപ്പോഴെന്ന് ചന്ദ്രൻ പറഞ്ഞു. അതേ സമയം ചിലർക്ക് ആദ്യഗഡുവും മറ്റു ചിലർക്ക് രണ്ടു ഗഡുവും ലഭിച്ചിട്ടുമുണ്ട്. അപേക്ഷകളിൻ മേൽ തീർപ്പാക്കി ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ താത്പര്യം കാട്ടാത്തതാണ് തങ്ങൾക്ക് ഫണ്ട് പാസാകാൻ തടസമെന്നാണ് രതീഷും ചന്ദ്രനും ആരോപിക്കുന്നത്.
District News
കാസര്ഗോഡ്: കാസര്ഗോഡ് ട്രൈബല് ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ ഭൂരഹിതരായ പട്ടികവര്ഗക്കാര്ക്ക് ഭവനനിര്മാണത്തിന് ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര് കാസര്ഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുര്ഗ് താലൂക്ക് പരിധിയിലെ താമസക്കാരും സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഭൂമിയില്ലാത്തവരും പൈതൃകമായി കുടുംബസ്വത്ത് ലഭിക്കാന് അര്ഹതയില്ലാത്തവരും ആയിരിക്കണം. യോഗ്യത തെളിയിക്കുന്നതിന് റവന്യൂ അധികാരികളുടെ രേഖള് അപേക്ഷയോടൊപ്പം സമര്പ്പിക്കണം. അപേക്ഷ കാസര്ഗോഡ്, എന്മകജെ, നീലേശ്വരം ട്രൈബല് എക്സ്റ്റന്ഷന് ഓഫീസില് നിന്നും കാസര്ഗോഡ് ട്രൈബല് ഡെവലപ്മെന്റ് ഓഫീസില് നിന്നു ലഭ്യമാണ്. അപേക്ഷകള് 25നു വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതല് വിവരങ്ങള്ക്ക് കാസര്ഗോഡ്, എന്മകജെ, നീലേശ്വരം ട്രൈബല് എക്സ്റ്റന്ഷന് ഓഫീസുകളിലോ കാസര്ഗോഡ് ട്രൈബല് ഡെവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടണം. ഫോണ്: 04994255466, 9496070343.
Kerala
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർനടീലിനു ഹെക്ടറിന് 75,000 രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിക്കു റബർ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണു തുക അനുവദിക്കുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ഉത്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അന്പതിനായിരത്തോളം റബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.
താത്പര്യമുള്ള കർഷകർക്കും നഴ്സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓണ്ലൈൻ പോർട്ടൽ
(https://www.keraplantation.kerala.gov.in) വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന കർഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്കു ക്ഷണിക്കും.
തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോണ് നന്പറുകളുമായോ ബന്ധപ്പെടണം.
Kerala
തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് 2025 മേയ് 18നും 31നുമിടയിൽ നഷ്ടപ്പെട്ട 14 തൊഴിൽദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 48,20,48,000 രൂപ അനുവദിക്കും.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ കുമാരി അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുന്നു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ, ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് തുക അനുവദിക്കുക.
ഇടുക്കി കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്കും സംരംഭകർക്കും മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു.