Kerala
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യം ഇനിയും സാധ്യമാണെന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
"എല്ലാ സമുദായങ്ങളുമായും സൗഹൃദമുണ്ട്. എന്നാൽ രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഐക്യത്തിന് തയാറല്ല. പ്രത്യേക സമുദായത്തിനെതിരെ എൻഎസ്എസിനെയും രംഗത്തിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. എസ്എൻഡിപിയുമായുള്ള സൗഹാർദം തുടരും.'-സുകുമാരൻ നായർ വ്യക്തമാക്കി.
"ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താല്യപര്യങ്ങളുണ്ടെന്ന് മനസിലായത് കൊണ്ടാണ് അതിൽ നിന്ന് പിന്മാറിയത്. എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണുള്ളത്. അത് ഒരിക്കലും മാറില്ല.'-സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായം അല്ലെന്നും എൻഎസ്എസ് വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് തുഷാർ വെള്ളാപ്പള്ളി ഇന്ന് പറഞ്ഞത്. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും തുഷാർ പറഞ്ഞിരുന്നു. തന്റെ പിതാവിനെ പൊലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും തുഷാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Kerala
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്ക് തണലും കരുത്തുമായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തു നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻഎസ്എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്നും സുകുമാരൻ നായർ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
Kerala
കോട്ടയം: മാധ്യമങ്ങളെ കണ്ടതോടെ എൻഎസ്എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നിൽ സുരേഷ് എംപി തിരികെ എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടുമടങ്ങി. എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
നേരത്തെ എൻഎസ്എസ് ആസ്ഥാനത്തേക്കെത്തിയ എംപി മാധ്യമങ്ങളെ കണ്ടതോടെ തിരികെ പോകുകയായിരുന്നു. അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ സംഭവം വാർത്തയായിരുന്നു.
തുടർന്ന് വീണ്ടും തിരികെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ കണ്ടുമടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്ത് വരുമ്പോള്‍ എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും എംപി അറിയിച്ചു.
അതിന് പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ല. നേരത്തെ മാധ്യമങ്ങളെ കണ്ടതോടെയാണ് മടങ്ങിയതെന്നും നിലവിലെ സാഹചര്യത്തിൽ താൻ എന്ത് പറഞ്ഞാലും അത് മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കുടുംബ വീടുപോലെയാണെന്നും രാഷ്ട്രീയ പ്രതികരണം ഇവിടെ വെച്ച് നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻഎസ്എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കെപിസിസി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ആയിരുന്നു ജി. സുകുമാരൻ നായരും
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചും സുകുമാരൻ നായർ പ്രതികരിച്ചു.
നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും മുസ്ലിം വിരോധിയല്ലെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച സുകുമാരൻ നായർ, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
എൻഎസ്എസിന് പാർലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലീം വിരോധിയല്ല. ലീഗിനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ മുൻപ് ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം സുകുമാരൻ നായർ തള്ളി.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോടു വെറുപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടികളോടും വെറുപ്പില്ലെന്നും എന്നും എല്ലാം സമദൂരമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ശരിദൂരം എന്ന നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നം ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലെ ശരിദൂരം എന്ന നിലപാടിൽ ഇതിനകം രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
Kerala
പെരുന്ന: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഇത്തവണ വോട്ട് ചെയ്യാൻ എത്തിയില്ല.
മാസങ്ങൾക്ക് മുമ്പ് വീഴ്ചയിൽ പരിക്ക് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വിശ്രമത്തിലാണ്.
സ്കൂളിലേക്കുള്ള ഉയർന്ന പടികൾ കയറാൻ കഴിയാത്തതിനാൽ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എൻഎസ്എസ് വൃത്തങ്ങൾ അറിയിച്ചു.
Kerala
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ഞായറാഴ്ച രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്.
ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും.
എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
Kerala
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാരൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.