കോട്ടയം: മാധ്യമങ്ങളെ കണ്ടതോടെ എൻഎസ്എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നിൽ സുരേഷ് എംപി തിരികെ എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടുമടങ്ങി. എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
നേരത്തെ എൻഎസ്എസ് ആസ്ഥാനത്തേക്കെത്തിയ എംപി മാധ്യമങ്ങളെ കണ്ടതോടെ തിരികെ പോകുകയായിരുന്നു. അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ സംഭവം വാർത്തയായിരുന്നു.
തുടർന്ന് വീണ്ടും തിരികെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ കണ്ടുമടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്ത് വരുമ്പോള്‍ എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും എംപി അറിയിച്ചു.
അതിന് പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ല. നേരത്തെ മാധ്യമങ്ങളെ കണ്ടതോടെയാണ് മടങ്ങിയതെന്നും നിലവിലെ സാഹചര്യത്തിൽ താൻ എന്ത് പറഞ്ഞാലും അത് മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കുടുംബ വീടുപോലെയാണെന്നും രാഷ്ട്രീയ പ്രതികരണം ഇവിടെ വെച്ച് നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.