കോട്ടയം: സംസ്ഥാനത്ത് ഇടതുമുന്നണി ഭരണംകൊണ്ട് പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തെന്നും ജയം യുഡിഎഫിന്റെ മിടുക്കല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജനാധിപത്യത്തിന്റെ വിജയമാണ് സംസ്ഥാനത്ത് കണ്ടത്. അത് കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണകരമായി. വെറുതെ മത്സരിക്കാന്‍ വേണ്ടി മാത്രം നിന്ന ആളുകള്‍ പലരും ജയിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ വിജയമാണെന്ന് ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് എന്നാൽ അങ്ങനെയൊന്നുമല്ല. പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ മറിച്ചു വോട്ടു ചെയ്യണമെങ്കില്‍ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരുടെ ജയത്തിന് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിന് വിരോധമില്ലെന്നും പറഞ്ഞു.കഴിവുള്ളവരെയും പരിചയമുള്ളവരെയും പരിഗണിക്കണം. ഏതെങ്കിലും ഒരു വ്യക്തിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍എസ്എസ് ചൂണ്ടിക്കാണിക്കില്ല.
കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെ. അതേസമയം, വി.ഡി.സതീശന്റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പാണുള്ളത്. അത് തിരുത്തണമെന്ന് താന്‍ പറയില്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അത് സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
Tags : g sukumaran nair NSS UDF