ആൽബിസെലെസ്റ്റെയുടെ വെള്ളയിൽ ആകാശനീല വരയുള്ള കുപ്പായത്തിൽ ആ കുറിയ മനുഷ്യൻ ഇനിയില്ല. എന്നാൽ, അയാൾ ദീർഘചതുര പച്ചപ്പുൽത്തട്ടിൽ ഇടം-വലം കാലുകൊണ്ട് എഴുതിയ കവിതകൾ ഇനിയുമെത്രയോകാലം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഫിഫ ലോകകപ്പിൽ ആറു തവണയാണ് ലയണൽ ആന്ദ്രേസ് മെസി അർജന്റീനയ്ക്കായി ബൂട്ടണിഞ്ഞത്. അതിലെ ഓരോ മത്സരവും ഓരോ കഥയും ചരിത്രവുമാണ്.
ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കാർഡാണ് അർജന്റീനയ്ക്കായി അവസാനമായി മെസിയുടെ കാലിൽനിന്നും പിറന്നത്. ആറു ലോകകപ്പുകൾ കളിക്കുന്ന ഭൂഗോളത്തിലെ രണ്ടേരണ്ടു (ക്രിസ്റ്റ്യാനൊ റൊണാൾഡോ) താരങ്ങളിൽ ഒരാളെന്ന പകിട്ടുമായാണ് മെസി 2026 എഡിഷൻ പൂർത്തിയാക്കിയത്; ഈ ലോകകപ്പോടെ വിരമിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിൽ.
ഒരു കിരീടംകൂടി ആ മഹത്വത്തിന്റെ വലയത്തിലേക്കെന്ന് ആരാധകർ കൊതിച്ചിരുന്നു. പ്രാണനായി കരുതുന്ന പിതാവിന്റെ അനാരോഗ്യം പലപ്പോഴും ഉള്ളുലച്ചെങ്കിലും ആൽബിസെലെസ്റ്റയെ ഫൈനൽ വരെ എത്തിച്ചു. 2006ൽ ജർമനി ആതിഥേയത്വം വഹിച്ച ലോകകപ്പിലൂടെ കാൽപ്പന്തിന്റെ ഭൂഗോളപോരാട്ട വേദിയിൽ പതിനെട്ടാം വയസിൽ അരങ്ങേറി.
സെർബിയ ആൻഡ് മൊണ്ടനെഗ്രയോയ്ക്കെതിരേ ഗോൾനേടി തുടങ്ങി. 2010 ലോകകപ്പിൽ ക്ലബ് ഫുട്ബോളിലെ മിന്നുംതാരമായിരുന്നിട്ടും ആ കാലുകൾ നിരാശപ്പെടുത്തി. ഇതിഹാസമായ ഡിയേഗോ മാറഡോണയുടെ പരിശീലനത്തിലായിരുന്നു ദക്ഷിണാഫ്രിക്കയിൽ അർജന്റീന എത്തിയത്. രണ്ട് ഇതിഹാസങ്ങൾ ഒരുമിക്കുന്നുവെന്ന ഹൈപ്പും രക്ഷയായില്ല. മെസിക്ക് ഒരു ഗോൾപോലും നേടാനായില്ല. ക്വാർട്ടറിൽ അർജന്റീന പുറത്തായി.
ക്ലബ് ഫുട്ബോളിൽ മാജിക്കുകൾ തീർക്കുന്ന ലയൺ അർജന്റീന കുപ്പായത്തിൽ ക്യാറ്റാവുന്നു എന്നത് അക്കാലത്തെ ഫുട്ബോൾ പണ്ഡിറ്റുകളിടെ ചുണ്ടിലെ വല്ലാത്ത ചൊല്ലായിരുന്നു. എന്നാൽ, 2014 ലോകകപ്പിൽ മെസിയുടെ ചിറകിലേറി അർജന്റീന ഫൈനൽവരെയെത്തി. നാല് ഗോളുകൾ നേടിയ മെസിക്കായിരുന്നു ഗോൾഡൻ ബോൾ. 2018ൽ ജോർജ് സാംപോളിയുടെ പരിശീലനത്തിലെത്തിയ അർജന്റീനയും മെസിയും നിരാശപ്പെടുത്തി. റഷ്യയിൽ ഒരു ഗോൾ മാത്രമാണ് നേടാനായത്. 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ഉള്ളകാലം ഓർത്തിരിക്കുന്ന ടൂർണമെന്റ്. മെസി കിരീടം ചൂടണമെന്ന് വിരോധികൾ പോലും ആഗ്രഹിച്ച കാലം. സൗദിയോട് തോറ്റ് തുടങ്ങിയെങ്കിലും ഫ്രാൻസിനെ വീഴ്ത്തി കിരീടം ചൂടി ദി അൾട്ടിമേറ്റ് ഗോട്ടായി.
ലോകകപ്പിൽ മെസിയുടെ റിക്കാർഡുകൾ നിരവധിയാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിക്കളത്തിൽ ചെലവഴിച്ച താരം (3,054 മിനിറ്റ്). നായകനായി കൂടുതൽ (27) മത്സരങ്ങൾ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ താരം (12 അസിസ്റ്റുകൾ). അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ അസിസ്റ്റ് നൽകിയ ഏക താരം. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും.
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം രണ്ട് തവണ (2014, 2022) നേടിയ ഒരേയൊരു താരം. ലോകകപ്പിന്റെ ഒരു എഡിഷനിൽ (2022) ഗ്രൂപ്പ് ഘട്ടം, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിലെല്ലാം ഗോൾ നേടിയ ഏക കളിക്കാരൻ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ താരവും (14 തവണ) മറ്റാരുമല്ല. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന (38) റിക്കാർഡും2026 ലോകകപ്പിൽ സ്വന്തം പേരിലാക്കി. അതെ, മെസിയുടെ രാജ്യാന്തര കരിയർ ലോകകപ്പിലെ സുവർണ മണിക്കൂറുകളിലെ തിളക്കവും ചേർന്നതാണ്...