തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ ജിഎസ്ടി തട്ടിപ്പിൽ മുൻ മന്ത്രിക്കു വേണ്ടി ഗണ്മാൻ വിളിച്ച് സമ്മർദം ചെലുത്തിയതായി ജിഎസ്ടി ഉദ്യോഗസ്ഥ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
തട്ടിപ്പു നടത്തിയ ജിഎസ്ടി തുക ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നായിരുന്നു മന്ത്രിയുടെ ഗണ്മാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതെന്നായിരുന്നു മൊഴി.
മന്ത്രിയുടെ പേരു പറയാതെയായിരുന്നു ആദ്യം ജിഎസ്ടി ഉദ്യോഗസ്ഥ മൊഴി നൽകിയത്. തുടർന്ന് പൊലിസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കാണ് അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഗണ്മാൻ വിളിച്ചെന്നു മൊഴി നൽകിയത്. ഇതേത്തുടർന്ന് ഗണ്‍മാനെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. തുടർന്നാകും മുൻ മന്ത്രി വി.അബ്ദുറഹ്മാന്റെ മൊഴി രേഖപ്പെടുത്തുക.
നേരത്തെ വകുപ്പിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ പേരും ജിഎസ്ടി ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു.
സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമായിരുന്നു ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥ വിളിച്ച് സമ്മർദം ചെലുത്തിയത്.