Kerala
ആലപ്പുഴ: നവകേരള യാത്രയിൽ ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.
വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുന്നതാണെന്നോ, ജാമ്യമില്ലാത്തതാണെന്നോ പറയുമെന്നാണ് കോടതിയുടെ ചോദ്യം. നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ലെന്ന് പറഞ്ഞ കോടതി, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: നവകേരള യാത്രയിലെ മർദനക്കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിവേണമെന്ന് എ.ഡി.തോമസ് എംഎൽഎ. ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയത് അജിത് കുമാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസ് അദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ അജിത് കുമാറിനെതിരെ എസ്ഐടിക്ക് മൊഴി നൽകി. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി. ഔദ്യോഗിക രേഖകളിൽ കൃത്യമം നടത്തിയത് പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
ആദ്യ അന്വേഷണത്തിലെ അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കും. ഗൺമാൻ അനിൽകുമാർ, സുരക്ഷ സേനയിലെ സന്ദീപ് എന്നിവരാണ് നിലവിൽ പ്രതികൾ. ഇവരെയും എസ്ഐടി ഉടൻ വിളിച്ചു വരുത്തും.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന വിലയിരുത്തലിനെ തുടർന്ന് കേസ് അന്വേഷിച്ച പോലീസുകാരെ ഉടൻ ചോദ്യം ചെയ്യും.
ആദ്യപടിയായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുനിൽ രാജിന് എസ്ഐടി നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ട്. മർദനമേറ്റ ആലപ്പുഴ എംഎൽഎ എ.ഡി.തോമസും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും ഉടൻ മൊഴി നൽകും.
ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവും എസ്ഐടിക്ക് ലഭിച്ചു. ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഗൺമാന്മാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കൈമാറും.
എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർക്കാണ് ഗൺമാന്മാരിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽകുമാർ, സുരക്ഷാസംഘത്തിലെ സന്ദീപ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ചായിരുന്നു വിവാദമായ മർദ്ദനം അരങ്ങേറിയത്.
അന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് നേരെ നടന്ന മർദ്ദനത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ബൈജു കെ. പൗലോസ് കൂടി എത്തിയ ശേഷം പ്രതികളായ ഗൺമാന്മാരെ ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. സംഭവത്തില് പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നല്കിയിരിക്കുന്ന നിര്ദ്ദേശം.
International
ജുബ: സൗത്ത് സുഡാനിലെ സ്വർണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജുബയ്ക്കു സമീപം കഴിഞ്ഞയാഴ്ച അവസാനമാണു സംഭവം.
നിരവധി മൃതദേഹങ്ങൾ തുറസായ സ്ഥലത്ത് കിടക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. സെൻട്രൽ ഇക്വറ്റേറിയ സംസ്ഥാനത്തെ ജെബെൽ ഇറാക്കിലെ സ്വർണഖനിയിലാണ് കൂട്ടക്കൊല അരങ്ങേറിയത്.
ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മുൻകാലത്തും ഈ സ്വർണഖനിയിൽ ഖനന കന്പനികളും അനധികൃത ഖനനക്കാരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.
International
ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ തോക്കുധാരികൾ അഞ്ചു പോലീസുകാരെ വധിച്ചു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന കൊച്ചത് നഗരത്തിലായിരുന്നു സംഭവം.
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനം അഗ്നിക്കിരയാക്കി. ഇതിനടുത്തുള്ള കരാക് നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ മറ്റൊരാക്രമണത്തിൽ മൂന്ന് അർധസൈനികർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഭീകരർക്ക് പിന്തുണ നല്കുന്നതായി താലിബാൻ ആരോപിക്കുന്നു. ശനിയാഴ്ച അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രവിശ്യകളിൽ പാക് വ്യോമസേന ആക്രമണം നടത്തിയിരുന്നു.
International
ലാഗോസ്: നൈജീരിയയിലെ മൂന്നു ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി മരണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് നൈജർ സംസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ തോക്കുധാരികൾ ഗ്രാമീണരെ വധിക്കുകയും വീടുകൾക്ക് തീയിടുകയും ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മരണസംഖ്യ 32 ആണെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസിയും 46 ആണെന്ന് എഎഫ്പി വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
തുംഗാ-മകേരി, കോൺകോസോ, പിസാ എന്നീ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടാത്. രണ്ടോ മൂന്നോ പേർ വീതം കയറിയ 41 മോട്ടോർ സൈക്കിളുകളിൽ എത്തിയവരാണ് ആക്രണം നടത്തിയത്. വെടിവച്ചും തലവെട്ടിയും ആളുകളെ കൊല്ലുകയായിരുന്നു.
ഒരു മാസം മുന്പ് ഇതിനടുത്ത സ്ഥലത്തുണ്ടായ ജിഹാദി ആക്രമണം എന്നു സംശയിക്കുന്ന സംഭവത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
30 ക്രൈസ്തവരെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയി
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികൾ 30 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. കഡുന സംസ്ഥാനത്തെ കുതാഹൊ, കുഗിർ ഗ്രാമങ്ങളിൽനിന്നാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കൊള്ളക്കാർ എന്നറിയപ്പെടുന്ന ക്രിമിനൽസംഘം ആളുകളെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഒരു ഉപദേശിയും അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയും കുട്ടിയുമുൾപ്പെടുന്നു. 11 പേർ രക്ഷപ്പെട്ടതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അധ്യക്ഷൻ റവ. ജോസഫ് ഹയാബ് അറിയിച്ചു. നൈജർ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഒരു ടൗണിലേക്കാണ് തട്ടിയെടുത്തവരെ അക്രമികൾ കൊണ്ടുപോയതെന്ന് രക്ഷപ്പെട്ടവരിലൊരാളായ ബൊബായ് പറഞ്ഞു. പ്രതിഫലത്തിനുവേണ്ടി ആളുകളെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളെയും വൈദികരെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവായിരിക്കുകയാണ്. ഭീകരസംഘടനകൾക്കുപുറമെ ക്രിമിനൽസംഘങ്ങളും ഇത്തരത്തിൽ പണം സന്പാദിക്കുന്നു.
കഴിഞ്ഞമാസം അവസാനം കഡുന സംസ്ഥാനത്ത് 51 പേരെ തട്ടിക്കൊണ്ടുപോകുകയും സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ബന്ദികളിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ആദ്യം കഡുന സംസ്ഥാനത്തെതന്നെ കാജുരു ജില്ലയിലെ കൗരാൻ വാലി ഗ്രാമത്തിൽ മൂന്നു പള്ളികളിൽനിന്നായി 183 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നാഴ്ചയ്ക്കുശേഷമാണ് ഇവരെ മോചിപ്പിച്ചത്. സർക്കാരും ക്രിമിനൽസംഘവുമായി നടത്തിയ രഹസ്യചർച്ചയ്ക്കൊടുവിലാണ് മോചനം സാധ്യമായത്.
International
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ബാറിന് പുറത്ത് തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.
ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ജോഹന്നാസ്ബർഗ് നഗരത്തിന് 40 കിലോ മീറ്റർ അകലെയുള്ള സ്വർണ ഖനന പ്രദേശമായ ബെക്കേഴ്സ്ഡാലിലെ ബാറിന് പുറത്താണ് ഒരു ഡസനോളം ആളുകൾ വെടിവയ്പ്പ് നടത്തിയത്.
രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ ബാറിലെത്തിയവർക്ക് നേരെ വെടിവച്ചു. ഓടി രക്ഷപെടാൻശ്രമിക്കുന്നതിനിടെയും ഇവരെ വെടിവച്ചു വീഴ്ത്തി.
മരിച്ചവരിൽ ഒരു ടാക്സി കാർ ഡ്രൈവറും ഉൾപ്പെടുന്നുവെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന എസ്എബിസി ടെലിവിഷനോട് പറഞ്ഞു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.