ലാഗോസ്: നൈജീരിയയിലെ മൂന്നു ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി മരണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് നൈജർ സംസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ തോക്കുധാരികൾ ഗ്രാമീണരെ വധിക്കുകയും വീടുകൾക്ക് തീയിടുകയും ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മരണസംഖ്യ 32 ആണെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസിയും 46 ആണെന്ന് എഎഫ്പി വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
തുംഗാ-മകേരി, കോൺകോസോ, പിസാ എന്നീ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടാത്. രണ്ടോ മൂന്നോ പേർ വീതം കയറിയ 41 മോട്ടോർ സൈക്കിളുകളിൽ എത്തിയവരാണ് ആക്രണം നടത്തിയത്. വെടിവച്ചും തലവെട്ടിയും ആളുകളെ കൊല്ലുകയായിരുന്നു.
ഒരു മാസം മുന്പ് ഇതിനടുത്ത സ്ഥലത്തുണ്ടായ ജിഹാദി ആക്രമണം എന്നു സംശയിക്കുന്ന സംഭവത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
30 ക്രൈസ്തവരെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയി
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികൾ 30 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. കഡുന സംസ്ഥാനത്തെ കുതാഹൊ, കുഗിർ ഗ്രാമങ്ങളിൽനിന്നാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കൊള്ളക്കാർ എന്നറിയപ്പെടുന്ന ക്രിമിനൽസംഘം ആളുകളെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഒരു ഉപദേശിയും അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയും കുട്ടിയുമുൾപ്പെടുന്നു. 11 പേർ രക്ഷപ്പെട്ടതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അധ്യക്ഷൻ റവ. ജോസഫ് ഹയാബ് അറിയിച്ചു. നൈജർ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഒരു ടൗണിലേക്കാണ് തട്ടിയെടുത്തവരെ അക്രമികൾ കൊണ്ടുപോയതെന്ന് രക്ഷപ്പെട്ടവരിലൊരാളായ ബൊബായ് പറഞ്ഞു. പ്രതിഫലത്തിനുവേണ്ടി ആളുകളെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളെയും വൈദികരെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവായിരിക്കുകയാണ്. ഭീകരസംഘടനകൾക്കുപുറമെ ക്രിമിനൽസംഘങ്ങളും ഇത്തരത്തിൽ പണം സന്പാദിക്കുന്നു.
കഴിഞ്ഞമാസം അവസാനം കഡുന സംസ്ഥാനത്ത് 51 പേരെ തട്ടിക്കൊണ്ടുപോകുകയും സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ബന്ദികളിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ആദ്യം കഡുന സംസ്ഥാനത്തെതന്നെ കാജുരു ജില്ലയിലെ കൗരാൻ വാലി ഗ്രാമത്തിൽ മൂന്നു പള്ളികളിൽനിന്നായി 183 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നാഴ്ചയ്ക്കുശേഷമാണ് ഇവരെ മോചിപ്പിച്ചത്. സർക്കാരും ക്രിമിനൽസംഘവുമായി നടത്തിയ രഹസ്യചർച്ചയ്ക്കൊടുവിലാണ് മോചനം സാധ്യമായത്.
Tags : Gunmen bikes kill 46 villagers i